തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പുല്ലുവിള സ്വദേശി ജോസ്‌ക്ലിന്‍(45) ആണ് മരിച്ചത്. പത്തുമാസത്തിനിടെ രണ്ടാമത്തെ ആളാണ് പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
ജോസ്‌ക്ലീന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ അറിയിച്ചു. എം. വിന്‍സെന്റിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 19 പേര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റിസ് സിരിഗജന്‍ കമ്മിഷന്റെ മുന്‍പില്‍ പരാതി നല്‍കിയിരുന്നു. മുഴുവന്‍പേര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടതിനെതുടര്‍ന്ന് 33.37 ലക്ഷംരൂപ വിതരണം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ ശിലുവമ്മയെന്ന വയോധിക കൊല്ലപ്പെട്ട ചെമ്പകരാമന്‍ തുറയിലാണ് ജോസ്‌ക്ലിനേയും തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. ഞായറാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തി ആഹാരം കഴിച്ച ശേഷം കടല്‍ത്തീരത്തെത്തിയപ്പോഴാണ് സംഭവം. അമ്പതോളം തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. രക്ഷപെടാനായി കടലില്‍ ചാടിയെങ്കിലും നായ്ക്കളുടെ ആക്രമണം തുടര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്തംവാര്‍ന്ന നിലയില്‍ ജോസ്‌ക്ലിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തിച്ചത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. പരേതനായ ഫ്രാന്‍സിസിന്റെയും ടാര്‍സലമ്മയുടേയും മകനാണ് ജോസ് ക്ലിന്‍. ജസീന്തയാണ് ഭാര്യ. ഷൈനി, ഷാലു, പത്രോസ് എന്നിവര്‍ മക്കളാണ്.