കോഴിക്കോട്:പുലിമുരുകന്‍ സിനിമയുടെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷെയര്‍ ചെയ്യുന്നതിനെതിരെ സംവിധായകന്‍ വൈശാഖ് രംഗത്ത്. വളരെ പ്രയാസപ്പെട്ടാണ് സിനിമയിലെ ഓരോ സീനും ഷൂട്ട് ചെയ്തിരിക്കുന്നത്. കാടും മലയും താണ്ടിയാണ് പലതും ഷൂട്ട് ചെയ്തത്. അത്രയധികം കഷ്ടപ്പാട് സംഭവിച്ചെടുത്ത ചിത്രത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത് കാണുമ്പോള്‍ സങ്കടമാണ് തോന്നുന്നതെന്ന് വൈശാഖ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് വൈശാഖ് ഇക്കാര്യം പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയരേ,
ഇത് ഏറെ വേദനിപ്പിക്കുന്നു….
കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചിരുന്നത്. എല്ലാവരും അവരാല്‍ കഴിയുന്നതെല്ലാം തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവര്‍ക്കും ഉള്ളില്‍ ‘പുലിമുരുകന്‍’ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത്രയധികം പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ അതിലെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണ്. നിങ്ങളുടെ ആവേശം മനസ്സിലാക്കാവുന്നതാണ്. പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേര്‍ ഒഴുക്കിയ വിയര്‍പ്പുതുള്ളികള്‍ ഏറെയാണ്. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ചിത്രം പൂര്‍ണമായി തീയറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കുക. ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കുക
സ്‌നേഹപൂര്‍വം
വൈശാഖ്