ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ നയം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്. ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ് ആരോപിച്ചു. ഇന്ത്യ ശക്തമായ രാഷ്ട്രമാണെന്നാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത്. പക്ഷേ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യയുടെ ആഭ്യന്തര,വിദേശ ശത്രുക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. അതിനു ഗുണമായ നയങ്ങള്‍ സ്വീകരിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികളില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും സുഷ്മിതാ ദേവ് പറഞ്ഞു.