അമൃത്സര്‍: ഡല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ഡല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷക നേതാക്കള്‍. ഉച്ചക്ക് 12 മണി മുതല്‍ മൂന്നുമണിവരെ സംസ്ഥാന ദേശീയ പാതകള്‍ തടയും. സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് സമരക്കാര്‍ അറിയിച്ചു.