X

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തിരുവനന്തപും: സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതല്‍ ആഗസ്ത് 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

പോളിങ് ശതമാനം ഉയര്‍ത്തുന്നതിനൊപ്പം പരമാവധി പുതിയ വോട്ടര്‍മാരെ പോളിംങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഭിന്ന ശേഷി സൗഹൃദ ബൂത്തുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഹരിത ബൂത്തുകളും തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളിയില്‍ ആകെ 1,75,605 വോട്ടര്‍മാരാണുള്ളത്. ഇതില്‍ സ്ത്രീ വോട്ടര്‍മാര്‍ 89,897 ആണ്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 85,705. മൂന്ന് ഭിന്ന ലിംഗ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 80 വയസിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരും പുതുപ്പള്ളിയിലുണ്ട്. പ്രവാസി വോട്ടര്‍മാര്‍- 181, സര്‍വീസ് വോട്ടര്‍മാര്‍ -138.

ആകെ 182 പോളിംങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. പോളിങ് ലൊക്കേഷനുകളുടെ എണ്ണം-96. നോമിനേഷന്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതിയായ ഈ മാസം 17 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇ.വി.എമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് മൂന്നു തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ വെബ്‌സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.

webdesk11: