കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മണി മുതല്‍ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ നടക്കും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. ( ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം ) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക.
ഒന്നു മുതല്‍ 182 വരെ എന്ന ക്രമത്തിലായിരിക്കും ബൂത്തുകള്‍ എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തിരഞ്ഞെടുക്കുന്ന അഞ്ചു വി.വി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.