പുതുച്ചേരി: വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. വാഹന രജിസ്ട്രേഷന്‍ ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങുകയാണ് പോണ്ടിച്ചേരി ഭരണകൂടം. ആഢംബര വാഹനരജിസ്ട്രേഷന്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് പോണ്ടിച്ചേരി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി. പുതുച്ചേരിയിലെ അഞ്ച് ആര്‍.ടി.ഒകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാവൂ എന്നാണ് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. മേല്‍വിലാസം യഥാര്‍ത്ഥ ഉടമ അറിയാതെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കിരണ്‍ ബേദി ആവശ്യപ്പെട്ടു.
സിനിമാതാരം അമലാപോള്‍, ഫഹദ്ഫാസില്‍ എന്നിവരുടെ വാഹന രജിസ്ട്രേഷനിലൂടെ നികുതി വെട്ടിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കിരണ്‍ ബേദി സംഭവത്തില്‍ നേരിട്ട് ഇടപെട്ടത്. സംഭവത്തില്‍ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടി അമലാ പോള്‍, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.