തിരുവനന്തപുരം: കെ.റെയിലിന്റെ വിശദപഠനറിപ്പോര്‍ട്ട് (ഡി.പി.ആര്‍) സംസ്ഥാനസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത് നിയമക്കുരുക്ക് മറികടക്കാന്‍. മുഖ്യമന്ത്രി പിണറായിവിജയന്‍ നിയമസഭയില്‍ വെക്കുന്നുവെന്ന് പറഞ്ഞ ഡി.പി.ആര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വെക്കാതായതോടെ അന്‍വര്‍സാദത്ത് എം.എല്‍.എ അവകാശലംഘനനോട്ടീസ് നല്‍കിയിരുന്നു. ആലുവ എം.എല്‍.എയുടെ ചോദ്യത്തിന് ഒക്ടോബര്‍ 17നാണ് പിണറായി വിജയന്‍ മറുപടിനല്‍കിയത്. കെ.റെയില്‍പാതയുടെ ഡി.പി.ആറിന്റെയും പാരിസ്ഥിതികാഘാതപഠനറിപ്പോര്‍ട്ടിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ എന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയായി ഇരുറിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ (സിഡിയില്‍)ഉള്ളടക്കം ചെയ്യുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. എന്നാല്‍ ഇത് സഭയില്‍ വെക്കുകയുണ്ടായില്ല. ഇതാണ് അവകാശലംഘനവുമായി രംഗത്തുവരാന്‍ അന്‍വര്‍സാദത്തിനെ പ്രേരിപ്പിച്ചത്. സഭാംഗത്തിന്റെ അവകാശലംഘനം ഗുരുതരകുറ്റമായതിനാല്‍ സര്‍ക്കാരിന് കുരുക്കാകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സക്ക് പോകുന്നദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഡി.പി.ആര്‍ പുറത്തുവിടുന്നത് രാജ്യത്തെ ഔദ്യോഗികരഹസ്യനിയമമനുസരിച്ച് കുറ്റകരമാണെന്നായിരുന്നു സര്‍ക്കാരിന്റെയും കെ.റെയില്‍ അധികൃതരുടെയും വാദം. എന്നാല്‍ ഇ.ശ്രീധരനെപോലുള്ള പ്രഗല്‍ഭരും കെ.റെയില്‍വിരുദ്ധസമരസമിതിയും ഇതിനെതിരെ രംഗത്തുവന്നിരുന്നു. കെ.റെയിലിന്റെ വെബ്‌സൈറ്റില്‍ മൂന്നുപേജുകള്‍ പുറത്തുവിട്ടെങ്കിലും അതില്‍ കെ.റെയില്‍ ലാഭകരമാകണമെങ്കില്‍ നിലവിലെ പാതകള്‍ സഞ്ചാരയോഗ്യമല്ലാതാവണമെന്ന് രേഖപ്പെടുത്തിയിരുന്നു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഡി.പി.ആറും അനുബന്ധരേഖകളും പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്.