ട്രംപിനും മസ്‌കിനുമെതിരായ ജനവികാരം; മ​സ്കി​ന്റെ ഇ​ല​ക്ട്രി​ക് കാ​ർ ക​മ്പ​നിക്കു നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖനുമായ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ ഇലോൺ മസ്‌കിന്റെ ഇടപെടലിനെതിരായ പ്രതിഷേധം ശക്തമായതോടെ, അമേരിക്കയിലെ ഒരു സർവീസ് സെന്ററിൽ നിരവധി ടെസ്‌ല വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ടെസ്‌ല കാറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണിത്.

കറുത്ത വസ്ത്രം ധരിച്ച ഒരാൾ ലാസ് വെഗസിലെ ഒരു ടെസ്‌ല സർവീസ് സെന്ററിൽ എത്തുകയും അഞ്ച് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമി ‘റെസിസ്റ്റ്’ എന്ന വാക്ക് സ്ഥാപനത്തിന്റെ മുൻവാതിലിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനങ്ങളുടെ ബാറ്ററികളിൽ തീ പിടിക്കുന്നതിന് മുമ്പ് തീ അണച്ചതിനാൽ വലിയൊരു സ്ഫോടനം തടയാൻ കഴിഞ്ഞെന്ന് അധികാരികൾ പറഞ്ഞു.

ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തിരിച്ചെത്തിയതിനുശേഷം, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് അദ്ദേഹത്തിന്റെ കൂടെ സ്ഥിരം സാന്നിധ്യമായിരുന്നു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായ മസ്‌കും അദ്ദേഹത്തിന്റെ ടെസ്‌ല ബ്രാൻഡും പ്രതിഷേധക്കാരുടെ ലക്ഷ്യമായി മാറിയിരിക്കുമാകയാണ്.

ടെസ്‌ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥ തയിലുള്ള കാറുകൾ എന്നിവയാണ് പ്രതിഷേധക്കാർ ലക്ഷ്യമിടുന്നത്. കാനഡയിൽ, സുരക്ഷാ കാരണങ്ങളാൽ ടെസ്‌ലയെ ഒരു അന്താരാഷ്ട്ര ഓട്ടോ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കുകയും സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന പുതിയ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ മസ്കിന് അധികാരം നൽകുകയും ചെയ്തതിനുശേഷമാണ് ടെസ്‌ലക്ക് നേരെയുള്ള ആക്രമണങ്ങളിൽ വർധനവ് ഉണ്ടായത്.

എ.ബി.സി ന്യൂസ് പ്രകാരം , മാർച്ച് 11ന് മസാച്യുസെറ്റ്സിൽ മൂന്ന് ടെസ്‌ല കാറുകൾ നശിപ്പിക്കപ്പെട്ടു. സി.എൻ.എൻ പ്രകാരം ബോസ്റ്റണിന് പുറത്തുള്ള ഏഴ് ടെസ്‌ല ചാർജിംഗ് സ്റ്റേഷനുകൾ അഗ്നിക്കിരയാക്കപ്പെട്ടു. ന്യൂയോർക്കിൽ, ഒരു ടെസ്‌ല ഷോറൂം കൈവശപ്പെടുത്തിയതിന് ആറ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ടെസ്ല ഡീലർഷിപ്പുകൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെസ്‌ല വാഹനങ്ങൾക്കു നേരെ കോക്ടെയിലുകൾ എറിഞ്ഞതിനും കെട്ടിടത്തിൽ ‘നാസി കാറുകൾ’ എന്ന് സ്പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.

തന്റെ കാറുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ മസ്‌ക് അപലപിച്ചു. അതേസമയം ട്രംപ് അധികാരത്തിലേറിയ സമയത്ത് ഉയർന്നിരുന്ന ടെസ്‌ലയുടെ ഓഹരികൾ ഇപ്പോൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപ് അധികാരമേറ്റതിനുശേഷം ഉപയോഗിച്ച സൈബർട്രക്കിന്റെ വില ഏകദേശം എട്ട് ശതമാനം കുറഞ്ഞു. ഇത് ഡിമാൻഡ് കുറയുന്നതിന്റെ സൂചനയാണ്.

ഡിസംബർ മുതൽ മസ്കിന് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ടെസ്‌ലയുടെ ഓഹരികൾ അതിന്റെ സഹകമ്പനികളേക്കാൾ കൂടുതൽ ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളിൽ 33% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.

webdesk13:
whatsapp
line