ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലം സമരം ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. ഷാഹിന്‍ബാഗ് സമരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ്, കൃഷ്ണ മുറാറി എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ജനാധിപത്യവും വിയോജിപ്പുകള്‍ ഒരുമിച്ചു പോകേണ്ടതുണ്ട്. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തു നടക്കണം’ – ബഞ്ച് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങള്‍ പലപ്പോഴും അപകടകരമായ രീതിയിലുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ബഞ്ച് വിലയിരുത്തി.
ഷാഹിന്‍ ബാഗില്‍ നമ്മള്‍ കണ്ടതതാണ്. പ്രതിഷേധം യാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കി. ഇക്കാര്യത്തില്‍ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. അവര്‍ ജുഡീഷ്യല്‍ ഉത്തരവിനു വേണ്ടി കാത്തിരിക്കുകയാണ് ചെയ്തത്. കോടതിയുത്തരവിനു താഴെ അവര്‍ ഒളിച്ചിരിക്കുകയല്ല വേണ്ടത്. ഭരണകൂടം ഇടപെടാത്തതു കൊണ്ടാണ് തങ്ങള്‍ക്ക് ഇടപെടേണ്ടി വന്നത്- കോടതി പറഞ്ഞു.
സെപ്തംബര്‍ 21ന് ഹര്‍ജി പരിഗണിക്കവെ പ്രതിഷേധിക്കാനുള്ള അവകാശവും സഞ്ചരിക്കാനുള്ള അവകാശവും സന്തുലിതമായി പോകേണ്ടതുണ്ട് എന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജനുവരിയില്‍ അഭിഭാഷകന്‍ അമിത് സാഹ്നിയാണ് സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.