X
    Categories: MoreViews

പൊതുതാല്‍പര്യ ദുരുപയോഗം ചെയ്ത ആക്റ്റിവിസ്റ്റിന് 25 ലക്ഷം പിഴ

ന്യൂഡല്‍ഹി: പൊതുതാല്‍പര്യ ഹര്‍ജി എന്ന പദത്തെ ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ സാമൂഹിക പ്രവര്‍ത്തകന് സുപ്രിം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. കര്‍ണാടകയിലെ ഗുല്‍ബാര്‍ഗിലുള്ള മിനി വിദാന്‍ സൗധ സര്‍ക്കാര്‍ മന്ദിരം മാറ്റി സ്ഥാപിക്കുന്നതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ടി. ജെ ഏബ്രഹാം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. ജസ്റ്റീസുമാരായ ദീപക് മിശ്ര, എ. എം ഖാന്‍വില്‍കര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.
വിദാന്‍ സൗധ ആറ് കിലോമീറ്റര്‍ അകലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നത് പൊതുതാല്‍പര്യത്തിന് എതിരല്ലെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. ‘ഇത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. ഭരണനിര്‍വഹണത്തെ ലളിതമാക്കാനുള്ള നടപടി മാത്രമാണിത്. ബഞ്ച് നിരീക്ഷിച്ചു. ഏബ്രഹാം കോടതിയില്‍ നേരിട്ടെത്തി തുക കെട്ടിവയ്ക്കണം’. കോടതി നിര്‍ദേശിച്ചു. വിദാന്‍ സൗധ മാറ്റി സ്ഥാപിക്കുന്നത് നെല്‍കര്‍ഷകരെ ബാധിക്കുമെന്ന് ഏബ്രഹാം നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കൃഷി വകുപ്പിന്റെ ഭൂമിയില്‍ നിന്നും അകലേക്കാണ് കെട്ടിടം മാറ്റുന്നതെന്നും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനങ്ങളെപ്പറ്റി അറിയാതെയാണ് ഹര്‍ജിക്കാരന്‍ പരാതിയുമായി കോടതിയെ സമീപ്പിച്ചിരിക്കുന്നതെന്ന് കര്‍ണാകട എജി എം. ആര്‍ നായിക് സുപ്രിം കോടതിയെ അറിയിച്ചു. മുന്‍പു രണ്ട് വനിതകള്‍ കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ ഭൂമി വിട്ടു നല്‍കാമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, സ്വന്തം ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഏബ്രഹാം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്.

chandrika: