X

സഊദിയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു

റിയാദ്: സഊദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷകള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ശവ്വാല്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് പൊതുമാപ്പ് നീട്ടുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിന്റെ ആനുകൂല്യം എല്ലാ രാജ്യക്കാരുമായ നിയമ ലംഘകര്‍ക്ക് ലഭിക്കും. റജബ് ഒന്നിന് (മാര്‍ച്ച് 29) ആണ് സഊദിയില്‍ 90 ദിവസ പൊതുമാപ്പ് ആരംഭിച്ചത്. ഇത് റമസാന്‍ അവസാനത്തോടെ അവസാനിച്ചു. പാസ്‌പോര്‍ട്ടും താല്‍ക്കാലിക യാത്രാ രേഖകളും (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) എംബസികളില്‍ നിന്നും കോണ്‍സുലേറ്റുകളില്‍ നിന്നും ലഭിക്കാത്തതിനാല്‍ പലര്‍ക്കും നിശ്ചിത സമയത്ത് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സാധിച്ചിരുന്നില്ല. പൊതുമാപ്പ് ദീര്‍ഘിപ്പിക്കണമെന്ന് എത്യോപ്യ അടക്കമുള്ള ചില രാജ്യങ്ങള്‍ സഊദി അറേബ്യയോട് അപേക്ഷിച്ചിരുന്നു. പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് നേടിയ കൂട്ടത്തില്‍ പലരും ഇനിയും സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിട്ടുമില്ല. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പൊതുമാപ്പ് ശവ്വാല്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചത്.
ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിന്റെ നിര്‍ദേശാനുസരണം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്ന നിയമ ലംഘകരെ സ്വീകരിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ അറിയിച്ചു. നേരത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കാത്തവരും ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് സാധിക്കാത്തവരും പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് ജവാസാത്ത് ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെട്ടു.
പിഴകളും തടവും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷാ നടപടികള്‍ കൂടാതെ പൊതുമാപ്പ് കാലത്ത് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകര്‍ക്ക് സാധിക്കും. റമസാന്‍ ഒടുവില്‍ അവസാനിച്ച പൊതുമാപ്പ് കാലത്ത് അഞ്ച് ലക്ഷത്തോളം നിയമ ലംഘകരാണ് ഇളവുകള്‍ പ്രയോജനപ്പെടുത്തി ഫൈനല്‍ എക്‌സിറ്റ് നേടിയത്. എന്നാല്‍ ഇക്കൂട്ടത്തില്‍ നല്ലൊരു പങ്കും നിശ്ചിത സമയത്തിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയിരുന്നില്ല. ഹജ്ജ്, ഉംറ, വിസിറ്റ്, ട്രാന്‍സിറ്റ് വിസകളില്‍ സഊദി അറേബ്യയില്‍ പ്രവേശിച്ച് വിസ കാലാവധിക്കുള്ളില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃത താമസക്കാരായി മാറിയവര്‍ക്ക് ടിക്കറ്റും പാസ്‌പോര്‍ട്ടുകളുമായി എയര്‍പോര്‍ട്ടുകളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും തുറമുഖങ്ങളിലെയും ജവാസാത്ത് ഡയറക്ടറേറ്റ് കൗണ്ടറുകളില്‍ നേരിട്ട് എത്തി എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് സാധിക്കും. മറ്റുള്ള നിയമ ലംഘകര്‍ ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേകം സജ്ജീകരിച്ച പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിച്ചാണ് ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പൊതുമാപ്പില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സഊദിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല.

chandrika: