X
    Categories: indiaNews

കാത്തിരിക്കേണ്ട; പബ്ജി തിരിച്ചുവരില്ല- നിരോധനം ശാശ്വതം

ന്യൂഡല്‍ഹി: ഇന്ത്യയിലിരുന്ന് ഒരിക്കല്‍ക്കൂടി പബ്ജി കളിക്കാം എന്നു വിചാരിക്കുന്നുണ്ടെങ്കില്‍ അതു വേണ്ട. പബ്ജിയുടെ നിരോധനം ശാശ്വതമാണ് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അക്രമാസക്തമായ ഗെയിമാണ് പബ്ജിയെന്നും അതു കൊണ്ടു തന്നെ അതനുവദിക്കാന്‍ ആകില്ല എന്നുമാണ് സര്‍ക്കാര്‍ നിലപാട്.

യുവാക്കളെ പബ്ജി വഴി തെറ്റിക്കും. ചെറിയ കുട്ടികള്‍ പോലും ഈ ഗെയിമിന് അടിമകളായി മാറിയിട്ടുണ്ട്. യുവതലമുറക്ക് വന്‍ ഭീഷണിയാണ് പബ്ജി ഉയര്‍ത്തുന്നത്. ഇന്ത്യന്‍ സൈബര്‍ ഇടത്തില്‍ ഇത്തരമൊരു ഗെയിം അനുവദിക്കാനാവില്ല- സര്‍ക്കാര്‍ പറയുന്നു.

ആപ് സ്റ്റോറില്‍ നിന്ന് നിരോധിച്ചതിന് പിന്നാലെ പബ്ജി കോര്‍പറേഷന്‍ ചൈന ആസ്ഥാനമായ ടെന്‍സെന്റ് ഗെയിമിങുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ചില ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പബ്ജി തിരിച്ചുവരാനുള്ള സാധ്യത വിരളമാണ്.

ലഡാകിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ, 69എ സെക്ഷന്‍ പ്രകാരം പബ്ജി അടക്കം ചൈനീസ് ബന്ധമുള്ള 118 ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. ഇതോടെ ആപ് സ്റ്റോറുകളില്‍ നിന്ന് പബ്ജി അപ്രത്യക്ഷമായി. കൊറിയന്‍ കമ്പനിയാണ് പബ്ജി കോര്‍പറേഷന്‍. ഇന്ത്യയിലെ വിതരണാവകാശമാണ് ടെന്‍സെന്റിനു നല്‍കിയിരുന്നത്.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്‌നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്. പബ്ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങളും ആത്മഹത്യകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗെയിമിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

Test User: