പത്തനംതിട്ട: വീഡിയോ ഗെയിം ആപ്ലിക്കേഷനായ പബ്ജി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെതിരെ തെരുവില്‍ ഇറങ്ങി ഒരുകൂട്ടം ചെറുപ്പക്കാര്‍. പത്തനംതിട്ടയിലെ വായ്പൂരിലാണ് യുവാക്കള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. പ്രതിഷേധം ഗൗരവത്തിലുള്ളതായിരുന്നോ എന്നതില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചങ്കാണേ ചങ്കിടിപ്പിപ്പാണേ, പബ്ജി ഞങ്ങള്‍ക്കുയിരാണേ, ലോകം മുഴുവന്‍ പബ്ജി കളിക്കും, ഇന്ത്യില്‍ മാത്രം നിരോധനം, എന്തിനാണീ നിരോധനം, ആര്‍ക്കു വേണ്ടിയീ നിരോധനം, പറയൂ പറയൂ കേന്ദ്രസര്‍ക്കാര്‍… എന്നിങ്ങനെയാണ് മുദ്രവാക്യങ്ങള്‍.
ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ജി അടക്കം 119 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതിര്‍ത്തിയില്‍ ചൈനീസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.