X

ഫണ്ടുകൾ കൂടുതൽ ചെലവഴിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്: പി. ഉബൈദുള്ള എം.എൽ.എ

എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടുകൾ കൂടുതൽ ചെലവഴിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്ക് വേണ്ടിയാണെന്ന് പി. ഉബൈദുള്ള എം.എൽ.എ. മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫണ്ട് വകയിരുത്തിയാൽ വർഷങ്ങളോളം അതിന്റെ ഗുണം ലഭിക്കുമെന്നും മറ്റു ഫണ്ടുകൾ ഉപയോഗിച്ച് ബാക്കിയുള്ള വികസന പദ്ധതികൾ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
പി. ഉബൈദുള്ള എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വകയിരുത്തിയാണ് മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ പുതിയ കെട്ടിടം നിർമിച്ചത്. സ്ഥല പരിമിതികളും നിലവിലുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങളും മൂലം അധ്യാപക വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടിരുന്ന സാഹചര്യത്തിലാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്. 280 അധ്യാപക വിദ്യാർഥികളാണ് ഓരോ വർഷവും ഇവിടെ പരിശീലനം നടത്തുന്നത്. നാലു ക്ലാസ് മുറികളും ശുചിമുറിയും അടങ്ങിയതാണ് പുതിയ ബ്ലോക്ക്.
മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ അബ്ദുൽ ഹക്കീം ഉപഹാര സമർപ്പണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേശ്കുമാർ ആമുഖപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് സുനിൽ രാജ്, പി.ടി.എ പ്രസിഡന്റ് പി.എ ജോയ്, വൈസ് പ്രസിഡന്റ് സി. സുരേന്ദ്ര നാഥ്, പ്രിൻസിപ്പൽ ഡോ. പി.കെ പ്രമീള, മുൻ പ്രിൻസിപ്പൽമാരായ അബ്ദുൽ സലാം തൂമ്പലക്കാടൻ, എ. പാത്തുമ്മക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എൻ. ബഷീർ മുൻ പിടിഎ പ്രസിഡണ്ട് നാസർ ഒതുക്കുങ്ങൽ, പി.ടി.എ എക്‌സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

webdesk15: