ടിക്ക് ടോക്കിന് പിന്നാലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മറ്റൊരു ആപ്ലിക്കേഷന്‍ കൂടി നിരോധിച്ചിരിക്കുന്നു.പലതവണ വിവാദങ്ങളില്‍ പെട്ട പബ്ജി അതിനെ അതിജീവിച്ചാണ് രാജ്യത്തെ ഒന്നാം നമ്പര്‍ മൊബൈല്‍ ഗെയിമായി മാറിയത്.പബ്ജിയോടെ ഏറെ ഇഷ്ടംപുലര്‍ത്തുന്ന രാജ്യത്തെ ഗെയിം ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ് നിരോധനം.
ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സഹോദരസ്ഥാപനമായ പബ്ജി കോര്‍പറേഷനാണ് പിസി, എക്‌സ്‌ബോക്‌സ്, പ്ലേസ്‌റ്റേഷന്‍, മൊബൈല്‍ എന്നിവയില്‍ ഈ ഗെയിം ലഭ്യമാണ്. ബ്രെന്‍ഡെന്‍ ഗ്രീനി നിര്‍മിച്ച ഈ ഗെയിം 2017 ലാണ് പുറത്തിറക്കിയത്.
ബാറ്റില്‍ റൊയേല്‍ വിഭാഗത്തില്‍ പെടുന്ന ഗെയിമാണ് പബ്ജി. അതിജീവനമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗെയിമില്‍ പരസ്പരം യുദ്ധം ചെയ്ത് അവസാനം വരെ അതിജീവിക്കുന്നവര്‍ക്കാണ് വിജയം. ‘ചിക്കന്‍ ഡിന്നര്‍’ എന്ന പേരിലാണ് ഈ നേട്ടം അറിയപ്പെടുന്നത്. നൂറ് പേരാണ് ഒരു ഗെയിമില്‍ കളിക്കുക. ആളൊഴിഞ്ഞ വിവിധ ദ്വീപുകളിലാണ് കളിനടക്കുന്നത്. യഥാര്‍ത്ഥ ചുറ്റുപാടുകള്‍ക്ക് സമാനമായ വിധത്തില്‍ കെട്ടിടങ്ങളും കാടും മലകളും മഞ്ഞും മഴയും ഇരുട്ടും ആയുധങ്ങളും വാഹനങ്ങളുമെല്ലാം ഈ ഗെയിമിലുണ്ട്.
പിസി പതിപ്പില്‍ ഗെയിം വലിയ വിജയം നേടിയതോടെയാണ് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് രംഗപ്രവേശം ചെയ്യുന്നത്. ചൈനീസ് വിപണിയിലേക്ക് പബ്ജിയെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ടെന്‍സെന്റ് പബ്ജിയില്‍ വലിയൊരു നിക്ഷേപവും നടത്തി. അങ്ങനെയാണ് ചൈനയിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം പബ്ജി എത്തുന്നത്.
ഇന്ത്യന്‍ യുവതയ്ക്കിടയില്‍ ഇത്രയേറെ ജനപ്രീതി പിടിച്ചുപറ്റിയ മറ്റൊരു ഗെയിമിങ് ആപ്ലിക്കേഷനില്ല എന്നുവേണം പറയാന്‍. പാശ്ചാത്യ രാജ്യങ്ങളില്‍ വീഡിയോ ഗെയിം ഭ്രമം ഏറെ കാലമായി നിലനില്‍ക്കുന്നതാണെങ്കിലും ഇന്ത്യയില്‍ അതിന്റെ യഥാര്‍ത്ഥ രൂപം പ്രത്യക്ഷപ്പെട്ടത് പബ്ജി മൊബൈലിന്റെ വരവോടെയാണ്. അടിസ്ഥാന വിലയില്‍ വിപണിയില്‍ ലഭ്യമായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പബ്ജി മൊബൈല്‍ എത്തിയതോടെ ഏത് സാധാരണക്കാരനും അതി സാങ്കേതികതയിലൂന്നിയ ഈ വീഡിയോ ഗെയിമിന്റെ ഭാഗമാവുകയായിരുന്നു.
കളിക്കാരെ മുഷിപ്പിക്കാതെ കൃത്യമായ ഇടവേളകളില്‍ പുതുമകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നതും പബ്ജി ഗെയിമിന്റെ ജനപ്രീതി നിലനിര്‍ത്തുന്നതില്‍ പ്രധാന കാരണമായി. അടുത്തിടെ അവതരിപ്പിച്ച ആന്‍ഷ്യന്റ് സീക്രട്ട് മോഡ് ഇന്ത്യയില്‍ വലിയ വിജയമായിരുന്നു. ഗ്രാഫിക്‌സിലും സാങ്കേതിക വിദ്യയിലും ഏറെ മികവ് പുലര്‍ത്തിയിരുന്നു പബ്ജി മൊബൈല്‍.
മുന്‍പും വിമര്‍ശന വിധേയമായ ആപ്ലിക്കേഷനാണ് പബ്ജി മൊബൈല്‍. കൗമാരക്കാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആസക്തി പബ്ജി ഗെയിം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളും സര്‍വകലാശാലകളും പബ്ജിയ്ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വിവര സുരക്ഷയും കൈകാര്യം ചെയ്യുന്ന രീതിയുമാണ് രാജ്യവ്യാപകമായ നിരോധനത്തിലേക്ക് പബ്ജിയെ നയിച്ചത്. നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ പബ്ജിയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. പബ്ജിയും നിരോധിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ദക്ഷിണ കൊറിയന്‍ സൃഷ്ടിയാണെങ്കിലും ചൈനീസ് കമ്പനിയായ ടെന്‍സെന്റിന്റെ നിക്ഷേപം പബ്ജിയുടെ നിരോധനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.