തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും. രമയും ഉമയും പേരില്‍ മാത്രമല്ല, ജീവിതവഴികളില്‍ പോലും ഇരുവരും തമ്മില്‍ സമാനതകളേറെ. കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രഗത്ഭരുടെ സഹധര്‍മിണിമാരാണ് ഇരുവരും. പി.ടിയുടെ ഉമയും ടി.പിയുടെ രമയും. അതില്‍പോലും സാമ്യം. ഇരുവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയവര്‍. വിദ്യാലയ, കലാലയ കാലത്ത് എസ്.എഫ്.ഐയുടെ തീപ്പൊരിയായാണ് രമയുടെ രാഷ്ട്രീയ പ്രവേശം. കെ.എസ്.യുവിലൂടെയായിരുന്നു ഉമ എത്തിയത്.എസ്.എഫ്.ഐയിലൂടെ എത്തിയ രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. 2012 മെയ് 4ന് ഭര്‍ത്താവ് ടി.പി കൊല്ലപ്പെട്ടതിനു ശേഷമാണ് രമ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നതും തുടര്‍ന്ന് ആര്‍.എം.പിയുടെ നേതാവായി രാഷ്ട്രീയത്തില്‍ സജീവമാകുന്നതും.
വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് കെ.എസ്.യുവിന്റെ മുന്നണി പോരാളിയായിരുന്ന ഉമ എണ്‍പതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ടു തവണ യൂണിയന്‍ ഭാരവാഹിയായി. പിന്നീട് സജീവരാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നു. പി.ടിയുടെ ഭാര്യ എന്നുമാത്രം അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. രണ്ട് പ്രമുഖ നേതാക്കളുടെ വിയോഗം തളര്‍ത്തിയ നോവില്‍ നിന്ന് ആദര്‍ശശുദ്ധിയുടെ രാഷ്ട്രീയ സൂചകങ്ങളായ് ഇരുവരും പ്രതിപക്ഷനിരയുടെ ഭാഗമാകുമ്പോള്‍ അപൂര്‍വത തന്നെയാണിത്.
നിയമസഭയില്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് പിണറായിക്ക് തലവേദന സൃഷ്ടിച്ച യു.ഡി.എഫ് നേതാവായിരുന്നു പി.ടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പി.ടി തുടങ്ങിവെച്ച രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കാനാണ് ഉമയെത്തുന്നത്. അത് കെ.കെ രമയെ പോലെ കരുത്തയായ ഒരു വനിതാനേതാവിനൊപ്പമാകുമ്പോള്‍ യു.ഡി.എഫ് ബഞ്ചിന് ലഭിക്കുന്നത് ഒരു കരുത്തയായ പോരാളിയെ തന്നെയാകും.