പാലക്കാട് : ജനവാസമേഖലയിലിറങ്ങി നാശംവിതച്ച് പി.ടി സെവന്‍. ദൗത്യസംഘം വിവിധ ടീമുകളായി പട്രോളിങ് നടത്തുന്നുണ്ടെങ്കിലും കണ്ണുവെട്ടിച്ച് അര്‍ധരാത്രിയോടെ നാട്ടിലിറങ്ങി ഭീതിപരത്തുന്നത് പതിവായിരിക്കുകയാണ്. വ്യാപകമായി കൃഷിനശിപ്പിച്ചും മതിലുകള്‍ തകര്‍ത്തുമാണ് പി.ടി സെവന്‍ പുലര്‍ച്ചയോടെ കാടുകയറുന്നത്. കാട്ടാനശല്യം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ആനയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമരത്തിനൊരുങ്ങിരിക്കുകയാണ് നാട്ടുകാര്‍. 22നകം പിടികൂടിയില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കലക്ടര്‍, ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഇതിനിടെ ധോണി ജനവാസമേഖലയില്‍ സൈ്വരവിഹാരം നടത്തുന്ന പി.ടി ഏഴാമനെ മയക്ക് വെടിവെച്ച് തളയ്ക്കുന്നതിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേക ദൗത്യസംഘം ഇന്ന് രാത്രിയോടെ ധോണിയിലെത്തും. ഈ സംഘം എത്തിയ ശേഷം രണ്ട് ദിവസത്തിനകം ആനയെ മയക്ക് വെടി വെച്ച് തളക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. ഇന്നലെയെയും ധോണി സെന്റ് തോമസ് നഗറില്‍ കാട്ടാന ഇറങ്ങിയെങ്കിലും വനം വകുപ്പ് തുരുത്തുകയായിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് പി ടി സെവന്റെ കാട്ടിലുള്ളില്‍ നിലയുറപ്പിച്ചിരിക്കുന്ന താവളം കണ്ടെത്തുന്നതിന് പരിശോധന നടത്തി. പി ടി സെവനെ കാട്ടാനക്കൂട്ടത്തില്‍ വേര്‍തിരിച്ച് ഒറ്റക്ക് കിട്ടുന്നതിനും വെടിവെക്കുന്നതിനുള്ള അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുമാണ് കുങ്കിയാനകളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇതിന് പുറമെ പുലര്‍ച്ചെ സമയങ്ങളില്‍ ആന പുറത്തിറങ്ങുന്നത് തടയുന്നതിനുആര്‍.ആര്‍.ടി വിവിധ ടീമുകളായി പട്രോളിംഗ് നടത്തുന്നുണ്ട്. മയക്ക് വെടിവെക്കുന്നതിനുള്ള ഉത്തരവ് കിട്ടിയാല്‍ പിടി കൂടുന്നതിനുള്ള ക്രമീകരണങ്ങളും വനം വകുപ്പ് രൂപം നല്‍കി കഴിഞ്ഞു. അതേസമയം പി.ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പി ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.