കമാല്‍ വരദൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ പാടവം അറിയാത്തവരില്ല. അദ്ദേഹം ഉഷാ സ്‌ക്കൂള്‍ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രസംഗത്തില്‍ പറഞ്ഞ പ്രധാന കാര്യം നമ്മുടെ സീനിയര്‍ താരങ്ങള്‍ മുഖവിലെക്കെടുക്കണം. പി.ടി ഉഷ എന്ന ഇതിഹാസ താരത്തിന്റെ വേദനയും വിയര്‍പ്പുമാണ് ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്. ഇത്തരത്തില്‍ ഒരു സ്‌ക്കൂള്‍ തുടങ്ങിയതിന് ശേഷം സ്‌ക്കൂളിന്റെ വികസനത്തിനായി കഠിന പ്രയത്‌നത്തിലായിരുന്നു ഉഷയും സ്‌ക്കൂളിന്റെ പ്രസിഡണ്ട് അജന ചന്ദ്രനും ട്രഷറര്‍ ശ്രീനിവാസനുമെല്ലാം. സിന്തറ്റിക് ട്രാക്കായതിന് ശേഷവും ഉഷ വിശ്രമിക്കില്ല. സ്‌റ്റേഡിയം വേണം, താമസ സൗകര്യങ്ങള്‍ വേണം. സ്‌ക്കൂളിലേക്ക് നല്ല റോഡ് വേണം. സ്‌ക്കൂളിന് അനുവദിച്ചിരിക്കുന്ന 35 ഏക്കര്‍ സ്ഥലത്ത് ഫെന്‍സിംഗ് വേണം-ഈ കാര്യങ്ങളെല്ലാം സ്‌ക്കൂളിന്റെ ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും സംസ്ഥാന കായികമന്ത്രി ഏ.സി മൊയ്തിനും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇവിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് വില വരുന്നത്. ഉഷയെ എല്ലാ സീനിയര്‍ കായിക താരങ്ങളും മാതൃകയാക്കണമെന്നാണ് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. ഉഷയുടെ സമര്‍പ്പണവും കായിക താല്‍പ്പര്യങ്ങളും
കായിക ചിന്തകളുമെല്ലാം എന്ത് കൊണ്ട് മറ്റുളളവര്‍ മാതൃകയാക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പ്രസക്തമാണ് ഈ ചോദ്യം..? ഉഷയുടെ സമകാലികരായ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്…? മഷിയിട്ട് നോക്കിയാല്‍ പോലും കാണുന്നില്ല. ഉഷ ട്രാക്ക് വാണ സമയത്ത് കേരളമായിരുന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ നക്ഷത്ര ശോഭ. ആ ശോഭക്ക് കാരണക്കാരായവരില്‍ ആരെയും ഇന്നലെ ഉഷക്കൊപ്പം കണ്ടില്ല. ഉഷയുടെ കണ്ണുര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ ചില സതീര്‍ത്ഥ്യരും ആദ്യ കോച്ച് ഒ.എം നമ്പ്യാരും ഒഴികെ ആരെയും കണ്ടില്ല. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ കായിക വികസനത്തിനായി എല്ലാ സഹായവും ഭരണകൂടം വാഗ്ദാനം ചെയ്യുമ്പോള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതിലാണ് ഉഷയുടെ മിടുക്കും മികവും. തന്റെ സ്‌ക്കൂളിനായി ഉഷ മുട്ടാത്ത വാതിലുകളില്ല. അറിയുന്നവരോടെല്ലാം സഹായം തേടുന്നു. സ്‌ക്കൂളിലെ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ ട്രാക്ക് വാണ ഒരു താരം ഇങ്ങനെ എല്ലാവര്‍ക്ക് മുന്നിലും കൈ നീട്ടേണ്ട കാര്യമില്ല. പക്ഷേ കരയുന്ന കുട്ടിക്ക് മാത്രമേ പാലുള്ളു എന്ന സ്ഥിതിയുള്ള നാട്ടില്‍ ഉഷയുടെ കഠിന യത്‌നത്തില്‍ പിറവിയെടുത്ത സിന്തറ്റിക് ട്രാക്ക് എല്ലാവരും ഒന്ന് കാണേണ്ടതാണ്. കിനാലൂരിലെ അതിസുന്ദരമായ കാഴ്ച്ചയാണത്. ശരിക്കും അക്ഷീണ പ്രയത്‌നത്തിന്റെ വിലയുള്ള പ്രതിഫലം.