X

ജീവിതം പോരാട്ടമാക്കിയ പി.ടി തോമസ്- പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി

ആദര്‍ശ ധീരനായ അതുല്യ പ്രതിഭയെയാണ് പി.ടി തോമസിന്റെ നിര്യാണം മൂലം കേരളത്തിന് നഷ്ടമായിരിക്കുന്നത്. നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു പി.ടി. സമര്‍ഥമായി, ശ്രദ്ധയോടെ സ്വന്തം ആദര്‍ശത്തില്‍ ഉറച്ചുനിന്നായിരുന്നു എപ്പോഴും പി.ടിയുടെ നിലപാട്. രാഷ്ട്രീയത്തില്‍ അത് സര്‍വസാധാരണമല്ല. ആഴത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും നിലപാടും. പാര്‍ലമെന്റിലും നിയമസഭയിലും പ്രവര്‍ത്തന രീതി കൊണ്ട് അദ്ദേഹം വ്യത്യസ്തനും ശ്രദ്ധേയനുമായി. ഏത് വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോഴും അദ്ദേഹം കാണിക്കാറുള്ള കൃത്യതയും വ്യക്തയും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിഷയങ്ങള്‍ പഠിച്ച് അത് സമര്‍ഥിക്കാനുള്ള കഴിവ് എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. കളങ്കം ഒട്ടുമില്ലാത്ത മതേതരനായ നേതാവായിരുന്നു പി.ടി എന്ന് ഒട്ടും സംശയമില്ലാതെ തന്നെ പറയാനാവും.

സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പി.ടി എല്ലായിപ്പോഴും നിലകൊണ്ടത്. പരിസ്ഥിതിക്ക് പരിക്കേല്‍ക്കുന്ന ഏത് വികസനത്തോടും അദ്ദേഹം വിയോജിച്ചു. തന്റെ എതിര്‍പ്പിന്റെ കാര്യ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. അതിന്റെ പേരില്‍ സംഭവിക്കുന്ന വ്യക്തിപരമായ നഷ്ടങ്ങള്‍ അദ്ദേഹം പരിഗണിച്ചതേയില്ല. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും തയാറായില്ല. സുതാര്യവും, സുശക്തവുമായ നിലപാടുകളാല്‍ കേരള രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധ്യമായി. നാടിനും പൊതുനന്മക്കും വേണ്ടിയായിരുന്നു പി.ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം. അത് കേള്‍ക്കുന്നവര്‍ക്കും പി.ടിയെ അറിയുന്നവര്‍ക്കും ബോധ്യവുമുണ്ടായിരുന്നു. കോണ്‍ഗ്രസിനെയും മുന്നണിയെയും സംബന്ധിച്ചിടത്തോളം വീറോടെ പൊരുതിനിന്ന നേതാവിനെയാണ് നഷ്ടമായത്. തീര്‍ച്ചയായും കോണ്‍ഗ്രസിനും മുന്നണിക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും പി.ടിയുടെ വിയോഗം കനത്ത നഷ്ടമാണ്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സ്വീകരിച്ച സമീപനം മാത്രം മതി പി.ടിയുടെ നിലപാടിന്റെ ആഴം മനസിലാക്കാന്‍. എല്ലാ മേഘലയില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും രാഷ്ട്രീയമായ ലാഭ നഷ്ടങ്ങളുടെ കണക്കു നോക്കാതെ പി.ടി നിലപാടെടുത്തു. അതുവഴി വ്യക്തിപരമായി നിരവധി നഷ്ടങ്ങളുണ്ടായിട്ടും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും അതിന്റെ പേരിലുണ്ടായ നഷ്ടങ്ങളെയെല്ലാം തൃണവല്‍ക്കിരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതുമാണ് നമുക്ക് കാണാന്‍ സാധിച്ചത്. വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും അതു ശക്തമായ അവതരിപ്പിക്കാനുമുള്ള പി.ടിയുടെ മിടുക്ക് അപാരമായിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു കഴിഞ്ഞാല്‍ അതു ലക്ഷ്യം കാണുന്നതിന് ഏതറ്റംവരെയും പോകാന്‍ പി.ടിക്കു മടിയുണ്ടായിരുന്നില്ല. അവിടെ വ്യക്തിബന്ധങ്ങളോ സ്വാര്‍ത്ഥ താല്‍പര്യങ്ങളോ അദ്ദേഹത്തിനു മുന്നില്‍ ഒരിക്കലും വിലങ്ങു തടിയായിയിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടും ടേമുകളിലും നിയമസഭയില്‍ പി.ടിയുടെ സാനിധ്യം പ്രതിപക്ഷത്തിന് ഒട്ടൊന്നുമായിരുന്നില്ല ഊര്‍ജം പകര്‍ന്നിരുന്നത്. പി.ടി എഴുന്നേറ്റു നില്‍ക്കുന്നതോടെ പ്രതിപക്ഷം ആവേശ ഭരിതമാകുമ്പോള്‍ ഭരണപക്ഷവും ആകാംക്ഷയോടെയാണ് നിലകൊണ്ടിരുന്നത്.

കറകളഞ്ഞ മതേതരവാദിയായിരുന്ന പി.ടി നെഹ്‌റുവിയന്‍ സിദ്ധാന്തങ്ങളെ എന്നും മുറുകെ പിടിച്ചു. നാടിന്റെ പുരോഗതിക്കെന്നപോലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും അദ്ദേഹം സഭക്ക് അകത്തും പുറത്തും വിട്ടുവീഴ്ച്ചയില്ലാതെ പോരാടി. സമാധാനാന്തരീക്ഷത്തിന് ഭംഗംവരുന്ന നീക്കങ്ങള്‍ ഏതു കോണില്‍ നിന്നുണ്ടായാലും ശക്തമായ ഭാഷയില്‍ അദ്ദേഹം പ്രതിരോധം തീര്‍ത്തു. ഉജ്വല വാഗ്മിയും എഴുത്തുകാരനുമെല്ലാമായിരുന്ന പി.ടി തന്റെ കഴിവുകള്‍ മുഴുവന്‍ നാടിനുവേണ്ടി ഉപയോഗിച്ചു. എം.എല്‍.എ എന്ന നിലയിലും കെ.പി.സി.സി വര്‍ക്കീംഗ് സെക്രട്ടറിയെന്ന നിലയിലും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെല്ലാം ഊര്‍ജസ്വലനായി നിലകൊള്ളുമ്പോഴുള്ള പി.ടിയുടെ ഈ വിയോഗം അദ്ദേഹത്തിന്റെ പ്രസ്താനത്തിനും മുന്നണിക്കും മാത്രമല്ല, കേരളീയ പൊതുസമൂഹത്തിനാകെയും നികത്താനാവാത്ത നഷ്ടമാണ്.

Test User: