തിരുവനന്തപുരം: ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാതെ ചക്രവ്യൂഹത്തിലാണ് മുഖ്യമന്ത്രിയെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ അവിശ്വാസം പാസാക്കി കഴിഞ്ഞതായും പി.ടി.തോമസ് എംഎല്‍എ. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മന്ത്രിമാരും എപ്പോഴാണ് ജയിലില്‍ പോകുന്നതെന്നു ഭയന്നിരിക്കുകയാണ്. ചെറ്റക്കുടിലിലെ പണം അടിച്ചു മാറ്റി ലൈഫ് പദ്ധതിയെ സര്‍ക്കാര്‍ ഡെത്ത് ആക്കി. പി.എസ്.സിയെ നോക്കുകുത്തിയാക്കി. കൊവിഡ് കാലം കൊള്ളക്കാലമായി സര്‍ക്കാര്‍ മാറ്റി. മന്ത്രിസഭാ നടപടികള്‍ വെറും ചടങ്ങുകളായി. മന്ത്രിമാരില്‍ പലരും തൊമ്മികളും വിധേയരുമായി. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും തട്ടിപ്പുകാര്‍ നിരങ്ങുകയാണ്. ഈ ചക്രവ്യൂഹത്തില്‍നിന്ന് സര്‍ക്കാരിനു പുറത്തുവരാന്‍ കഴിയില്ല. ശിവശങ്കറിന്റെ കൈയില്‍ രഹസ്യങ്ങളുള്ളതു കൊണ്ടാണോ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്നും പി.ടി.തോമസ് ചോദിച്ചു. മാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് ഐഎസ്ആര്‍ഒയും ശിവശങ്കറും ചേര്‍ന്നുണ്ടാക്കിയ കരാറെന്താണ്?, സ്വപ്നയും ശിവശങ്കറും ഒന്നിച്ചുപോയതെന്തിനാണ്?, സ്വപ്നയുടെ ഫ്‌ലാറ്റില്‍ ശിവശങ്കര്‍ പോയിരുന്നുവെന്നതിനെക്കുറിച്ച് മ്യൂസിയം എസിക്ക് പരാതി ലഭിച്ചെന്നത് മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? എന്നും പിടി തോമസ് ചോദിച്ചു.