അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ ഭൗതിക ശരീരം ഇന്ന് 10 മണിയോടെ ഇടുക്കി ജില്ലയിലെ ഉപ്പുതോടുള്ള വസതിയില്‍ എത്തിക്കും. മൃതദേഹം കൊണ്ടുവരുന്ന വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെട്ടിട്ടു കഴിഞ്ഞു. നാളെ ആറിന് മുന്‍പായി പാലാരിവട്ടത്തെ വസതിയിലെത്തിക്കും.
ഏഴു മണിക്ക് ശേഷം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും പിന്നാലെ എട്ടരയോടെ ഠൗണ്‍ഹാളില്‍ രാഹുല്‍ ഗാന്ധി അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്യും. ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ എത്തിക്കും. അഞ്ചരയോടെയാണ് രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
നാളെ ഉച്ചയ്ക്ക് ശേഷം തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രാദേശിക അവധി ആണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണ് രവിപുരത്ത് സംസ്‌കാരം നടത്തുന്നത്. തന്റെ ശരീരത്തില്‍ റീത്തു വയ്ക്കരുതെന്നും അന്ത്യോപചാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ പി.ടി തോമസ് ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. സുഹൃത്തുക്കള്‍ക്കാണ് പിടി തോമസ് തന്റെ അന്ത്യാഭിലാഷം എഴുതി കൈമാറിയത്.
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ‘ എന്ന ഗാനം ചെറിയ ശബ്ദത്തില്‍ വെയ്ക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ചിതാഭസ്മം ഉപ്പുതോടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നാണാഗ്രഹമെന്നും കുറിപ്പിലുണ്ട്. കുടുംബാംഗങ്ങളുമായി ആലോചിച്ച് അദ്ദേഹം ആഗ്രഹിച്ചതു പോലെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നത്.