പാലക്കാട്: ധോണിയില്‍ പിടികൂടിയ കൊമ്പന്‍ പി.ടി സെവന് കാഴ്ച ശക്തി വീണ്ടെടുക്കുന്നതിന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്. ധോണിയെ കൂട്ടിന് പുറത്തിറക്കാനുള്ള അനുമതി വൈകില്ലെന്നും ശസ്ത്രക്രിയക്ക് വിദഗ്ധ സംഘത്തിന് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ആനയെ കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. കാലിന് ചെറിയ വേദനയൊഴിച്ചാല്‍ ധോണിക്ക്് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. കൂടിന് പുറത്തിറക്കി ശസ്ത്രക്രിയക്ക് വിധേയമാക്കിയാല്‍ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാനാകുമെന്നാണ് വിലയിരുത്തല്‍. പാപ്പാന്മാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പി.ടി ഏഴാമന്‍ കൂടിനുള്ളില്‍ ഏറെനേരം കിടന്നു. ഇത് നല്ല ലക്ഷണമാണെന്നും ആനയെ മയക്കി പുറത്തിറക്കി ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയുമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.
തൃശൂരില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുക. ആഴ്ചകള്‍ക്ക് മുമ്പ് പി.ടി സെവന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. മയക്ക് വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ച ശക്തിയില്ലായിരുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.
പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു. പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ച ശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.