ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 58 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിജയകരമായി വിക്ഷേപിച്ചു. 31 ഉപഗ്രഹങ്ങളുമായി പുറപ്പെട്ട റോക്കറ്റില്‍ കന്യാകുമാരിയിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവുമുണ്ട്. 712 കിലോഗ്രാം വരുന്ന ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2ഉം വിദേശ നിര്‍മ്മിതങ്ങളായ 29 ഉപഗ്രഹങ്ങളുമാണ് മറ്റുള്ളവ.
വിക്ഷേപണത്തെതുടര്‍ന്ന് ഒരു ദൗത്യ നിയന്ത്രണ കേന്ദ്രവും സര്‍വ്വകലാശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. 2004 ഡിസംബറില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ സുനാമി വന്‍നാശമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സാറ്റലൈറ്റ് നിര്‍മ്മാണത്തിനുള്ള ആശയം ഉരുത്തിരിഞ്ഞു വന്നതെന്ന് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല ഡയറക്ടര്‍ എ ഷാജിന്‍ നര്‍ഗുണം പറഞ്ഞു. 2012ലാണ് സാറ്റലൈറ്റ് നിര്‍മ്മാണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. അഞ്ചുവര്‍ഷത്തെ പ്രയത്‌നഫലമായ സാറ്റലൈറ്റിന്റെ നിര്‍മ്മാണത്തിന് കണക്കാക്കപ്പെടുന്ന ഏകദേശ ചിലവ് 20 കോടിയോളം രൂപയാണ്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നിയുസാറ്റ് ഇന്ത്യയിലെ ആദ്യ പ്രകൃതിദുരന്ത മുന്നറിയിപ്പ് ഉപഗ്രഹമാണ്. കുമാരകോവിലിലെ സര്‍വ്വകലാശാലയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞരും 200ലധികം വിദ്യാര്‍ത്ഥികളും മോല്‍നോട്ടം വഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2016 ഡിസംബറിലാണ് വിക്ഷേപണത്തിനായി ഉപഗ്രഹം ഐഎസ്ആര്‍ഒയ്ക്ക് ഗവര്‍ണര്‍ പി. സദാശിവം കൈമാറിയത്.