2023-24 സീസണിലെ ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിനിറങ്ങാന്‍ തയ്യാറായി നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. പുതിയ പരിശീലന്‍ ലൂയിസ് എന്റിക്കെ തലവനായുള്ള ടീമില്‍ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെയും നെയ്മറും ഇടം നേടിയിട്ടില്ല.
ടീം വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇരുവരെയും ടീമിലുള്‍പ്പെടുത്താത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റയല്‍ മഡ്രിഡിലേക്ക് ഫ്രീ ഏജന്റായി ചേക്കേറാന്‍ ശ്രമിച്ച എംബാപ്പെയെ വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാട് പി.എസ്.ജി. സ്വീകരിച്ചിരുന്നു. താരത്തെ വിട്ടുനല്‍കണമെങ്കില്‍ പണം ലഭിക്കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അതുകൊണ്ടുതന്നെ ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിനില്‍ക്കെ എംബാപ്പെയ്ക്ക് റയലിലേക്ക് ചേക്കേറാനാകില്ല.
എംബാപ്പെ കളിക്കില്ലെന്ന് ഉറപ്പായതോടെ സൂപ്പര്‍താരം നെയ്മറും ക്ലബ്ബ് വിടാനായി ശ്രമം തുടങ്ങി. ഇതും പി.എസ്.ജി. മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെയ്മറെ എന്തുകൊണ്ടാണ് പുറത്തിരുത്തിയത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പി.എസ്.ജിയുടെ പ്രീ സീസണ്‍ മത്സരത്തില്‍ നെയ്മര്‍ കളിച്ചിരുന്നു. മറ്റൊരു താരമായ മാര്‍ക്കോ വെറാട്ടിയും ടീമിലില്ല. ഫ്രഞ്ച് ലീഗ് വണ്ണില്‍ ആദ്യ മത്സരത്തില്‍ പി.എസ്.ജി. രാത്രി 12.30 ന് ലോറിയന്റിനെ നേരിടും.