പാരിസ്: ലിയോണിനെതിരായ ലീഗ് വണ്‍ മത്സരത്തിനിടെയാണ് എഡിന്‍സന്‍ കവാനിയും നെയ്മറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നത്. 57-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്കിനു വേണ്ടി കവാനി അവകാശവാദമുന്നയിച്ചെങ്കിലും ഡിഫന്റര്‍ ഡാനി ആല്‍വസ് പന്ത് കൈക്കലാക്കി നെയ്മറിന് കൈമാറുകയായിരുന്നു. 79-ാം മിനുട്ടില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ കിക്കെടുക്കാന്‍ നെയ്മര്‍ താല്‍പര്യം കാണിച്ചെങ്കിലും കവാനി അത് അവഗണിക്കുകയും ചെയ്തു.
2015-ല്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിനു ശേഷം പി.എസ്.ജിയില്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള ചുമതല കവാനിക്കാണ്. എന്നാല്‍ ബാര്‍സലോണയില്‍ നിന്ന് നെയ്മര്‍ എത്തിയതോടെ ഇക്കാര്യം അനിശ്ചിതത്വത്തിലായി. മുന്‍ മത്സരങ്ങളിലും പെനാല്‍ട്ടി തനിക്കു നല്‍കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെങ്കിലും കവാനി അവഗണിച്ചിരുന്നു.
മത്സരം 0-0 ല്‍ നില്‍ക്കെ, ഗോളാകാന്‍ സാധ്യതയുള്ള ഫ്രീകിക്കിനു വേണ്ടിയാണ് കവാനിയും നെയ്മറും തമ്മില്‍ തര്‍ക്കിച്ചത്. ആല്‍വസിന്റെ സഹായത്തോടെ കിക്കെടുത്ത നെയ്മറിന് പക്ഷേ, ഗോള്‍കീപ്പറെ മറികടക്കാന്‍ കഴിഞ്ഞില്ല. പി.എസ്.ജി ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ പെനാല്‍ട്ടിയിലൂടെ ലീഡുയര്‍ത്താനുള്ള കവാനിയുടെ ശ്രമവും വിജയിച്ചില്ല.
Read Also: ഫ്രീകിക്ക് ആരെടുക്കും? പി.എസ്.ജിയില്‍ കൂട്ടത്തല്ല് –(വീഡിയോ)
കളിക്കളത്തിലെ തര്‍ക്കം മത്സരം കഴിഞ്ഞും തുടര്‍ന്നു എന്നാണ് സൂചന. കളിക്കു ശേഷം മിക്‌സഡ് സോണില്‍ ടീമംഗങ്ങള്‍ക്കൊപ്പം വരാതെ സ്റ്റേഡിയം വിടുകയാണ് കവാനി ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്മര്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റ് ആയ ഇന്‍സ്റ്റഗ്രാമില്‍ കവാനിയെ ‘അണ്‍ഫോളോ’ ചെയ്തു എന്നും വാര്‍ത്തകളുണ്ട്.
കിക്കുകള്‍ എടുക്കുന്നതു സംബന്ധിച്ച് കവാനിയും നെയ്മറും തമ്മില്‍ ധാരണയിലെത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ടീമിനുള്ളില്‍ അസ്വാരസ്യമുണ്ടാകാന്‍ അനുവദിക്കില്ലെന്നും കോച്ച് ഉനയ് എംറി മത്സര ശേഷം പറഞ്ഞു. ‘ഇനിയുള്ള മത്സരങ്ങളില്‍ പെനാല്‍ട്ടി ലഭിച്ചാല്‍ ആരെടുക്കുമെന്നതിനെച്ചൊല്ലി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അവര്‍ രണ്ടു പേരും സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ഇരുവരും ഒന്നിടവിട്ട് കിക്കെടുക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ അവര്‍ക്കായില്ലെങ്കില്‍ ഞാനാണ് തീരുമാനമെടുക്കുക.’ എംറി വ്യക്തമാക്കി.
ബാര്‍സലോണയിലായിരുന്നപ്പോള്‍ പെനാല്‍ട്ടിയും ഫ്രീകിക്കുമെടുക്കാനുള്ള അവസരം ലയണല്‍ മെസ്സി നെയ്മറിന് നല്‍കാറുണ്ടായിരുന്നു. എന്നാല്‍, പാരിസില്‍ തന്റെ അവകാശത്തില്‍ ബ്രസീല്‍ താരം കൈകടത്തേണ്ടെന്നാണ് കവാനിയുടെ നിലപാട്. ലീഗ് വണ്‍ സീസണില്‍ ഇതുവരെയായി കവാനി ഏഴും നെയ്മര്‍ മൂന്നും ഗോളുകളാണ് നേടിയിട്ടുള്ളത്.
അതിനിടെ, നെയ്മറുമായി തര്‍ക്കം തുടര്‍ന്നാല്‍ കവാനി ക്ലബ്ബ് വിടേണ്ടി വരുമെന്ന അഭ്യൂഹം ശക്തമാണ്. 222 ദശലക്ഷം യൂറോയ്ക്കു ടീമിലെത്തിയ നെയ്മര്‍ ആവശ്യപ്പെട്ടാല്‍ 30-കാരനായ കവാനിയെ പി.എസ്.ജി കയ്യൊഴിഞ്ഞേക്കും എന്നാണ് സൂചന. നിലവില്‍ മൗണ്ട്പില്ലര്‍ അടക്കമുള്ള ക്ലബ്ബുകള്‍ 30-കാരനായ ഉറുഗ്വേ താരത്തിനു വേണ്ടി രംഗത്തുണ്ട്.