തിരുവനന്തപുരം: പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലഭ്യമാക്കുവാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. അടുത്ത മാര്‍ച്ച് ഒന്നു മുതലാണ് ഈ സേവനം ലഭ്യമാകുക.
ഉത്തരകടലാസുകള്‍ പുനപരിശോധിക്കുവാനുള്ള അപേക്ഷകള്‍, ഉത്തരകടലാസുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുവാനുള്ള അപേക്ഷകള്‍, പരീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതിയില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍, തുളസി സോഫ്ട്‌വെയറില്‍ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേര്‍ക്കുവാനുള്ള അപേക്ഷകള്‍, സ്‌ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമനപരിശോധനയ്ക്ക് ഫീ അടക്കുവാനുള്ള സേവനം, ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതി സമര്‍പ്പിക്കുവാനുള്ള അപേക്ഷകള്‍, മറ്റ് പൊതു പരാതികള്‍ എന്നിവ പുതിയ സോഫ്ട്‌വെയര്‍ മൊഡ്യൂള്‍ വഴി സമര്‍പ്പിക്കുവാന്‍ കഴിയും.
നിലവില്‍ ഇ മെയില്‍/തപാല്‍ വഴിയാണ് ഇത്തരം അപേക്ഷകള്‍ സ്വീകരിക്കുന്നത്. പ്രൊഫൈല്‍ വഴിയുള്ള പുതിയ സോഫ്ട്‌വെയര്‍ മൊഡ്യൂള്‍ വരുന്നതോടെ അതുവഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കുവാന്‍ കഴിയും. പുതിയ സംവിധാനത്തില്‍ ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്പപ്പോള്‍ത്തന്നെ അറിയാന്‍ കഴിയും.