X

ജാമ്യത്തിലിറങ്ങി വിലസി പിഎസ്‌സി തട്ടിപ്പ് പ്രതികള്‍; കേസിലെ ഒളിച്ചുകളി തുടരുന്നു

 

തിരുവനന്തപുരം: പിഎസ്സിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുമ്പോഴും തട്ടിപ്പ് കയ്യോടെ പിടികൂടിയ കേസില്‍ ഒളിച്ചുകളി തുടരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്. ഇതോടെ പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി നടക്കുകയാണ്.
യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് ആര്‍. ശിവരഞ്ജിത്തിന് പൊലീസ് കോണ്‍സ്റ്റബിള്‍ പട്ടികയില്‍ ഒന്നാം റാങ്കായിരുന്നു. കേസിലെ രണ്ടാം പ്രതി എ.എന്‍. നസീമിനു 28ാം റാങ്കും, എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന പ്രണവിനു രണ്ടാം റാങ്കുമായിരുന്നു. കോപ്പിയടിയെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പിഎസ്സി വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കോപ്പിയടിയാണെന്ന് തെളിഞ്ഞു.

മൂന്നു പേരും ഉന്നത റാങ്ക് നേടിയത് കോപ്പിയടിച്ചാണെന്ന് തെളിവ് സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. സഹായിച്ചവരടക്കം ആറ് പേര്‍ അറസ്റ്റിലായി. ശാസ്ത്രീയ തെളിവുകളടക്കം വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഡിസംബറില്‍ പൂര്‍ത്തിയായി. പക്ഷേ 9 മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാനുള്ള അന്തിമ അനുമതി ഉന്നതങ്ങളില്‍ നിന്നെത്തിയിട്ടില്ല. ചില സൈബര്‍ വിവരങ്ങള്‍ കൂടി കിട്ടാനുണ്ടെന്നാണു കുറ്റപത്രം വൈകുന്നതിന് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കുറ്റപത്രം നല്‍കാത്തതിന്റെ ഏക ഗുണം പ്രതികള്‍ക്ക് മാത്രമാണ്.

 

web desk 1: