പിഎസ്‌സി നിയമന തട്ടിപ്പ് കേസിലെ മുഖ്യ പ്രതി രാജലക്ഷ്മി പൊലീസില്‍ കീഴടങ്ങി. കഴക്കൂട്ടം സ്‌റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. രാജലക്ഷ്മിയുടെ സഹായിയായ ജോയ്‌സി വൈകിട്ട് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മി കീഴടങ്ങിയത്.
പിഎസ്‌സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചു സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ ആര്‍.രാജലക്ഷ്മി തട്ടിപ്പു നടത്തിയത് പൊലീസ് ഓഫിസര്‍ എന്ന വ്യാജേനയെന്ന് കണ്ടെത്തിയിരുന്നു. അടൂര്‍ സ്വദേശിയായ രാജലക്ഷ്മി വാടകയ്‌ക്കെടുത്ത പൊലീസ് യൂണിഫോം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തിയത്.
ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനായി പൊലീസ് വേഷം ധരിച്ച ചിത്രങ്ങള്‍ രാജലക്ഷ്മി സാമൂഹിക മാധ്യമങ്ങളില്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയ രണ്ടാം പ്രതി രശ്മിയുടെ ഫോണില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്:
ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് രാജലക്ഷ്മിയും രശ്മിയും പരിചയപ്പെടുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആണെന്നു സ്വയം പരിചയപ്പെടുത്തിയ രാജലക്ഷ്മി യൂണിഫോം ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ രശ്മിയെ കാണിക്കുകയും ചെയ്തു. പിഎസ്‌സിയിലും പൊലീസ് ആസ്ഥാനത്തും ബന്ധമുണ്ടെന്നും രശ്മിയുടെ സാമ്പത്തിക പ്രയാസങ്ങള്‍ മാറാന്‍ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്നും രാജലക്ഷ്മി വാഗ്ദാനം ചെയ്തു.
ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ 4 ലക്ഷം രൂപയാണ് രാജലക്ഷ്മി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ പകുതി തുക മതിയെന്നു പറഞ്ഞു. രാജലക്ഷ്മി ആവശ്യപ്പെട്ട പ്രകാരമാണ് രശ്മി വാട്‌സാപ് ഗ്രൂപ്പു വഴിയും നേരിട്ടും ഉദ്യോഗാര്‍ഥികളെ കാന്‍വാസ് ചെയ്തത്.
84 പേര്‍ അംഗങ്ങളായ വാട്‌സാപ് ഗ്രൂപ്പില്‍ 15 പേര്‍ പണം നല്‍കി. രശ്മി ഈ തുക രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തട്ടിയെടുത്ത പണം രാജലക്ഷ്മിയുടെ പക്കലുണ്ടെന്നാണു പൊലീസ് കരുതുന്നത്.
തട്ടിപ്പിനിരയായ പതിനഞ്ചോളം പേരില്‍ ഏഴ് പേര്‍ മാത്രമാണു പൊലീസിനു മൊഴി നല്‍കിയത്. പിഎസ്‌സി പരീക്ഷ എഴുതാതെ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു ഇവരുടെ മൊഴി.
ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. മറ്റ് ഉദ്യോഗാര്‍ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളിലടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.