കോഴിക്കോട്: ഇടതു സർക്കാറിന്റെ പിൻവാതിൽ നിയമനങ്ങൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന ആഹ്വാനവുമായി പിഎസ് സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വോട്ടുകൾ എൽഡി.എഫിന് ലഭിക്കാതെ വന്നാല്‍, അത് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെയുള്ള പ്രതിക്ഷേധമാണെന്ന് അസോസിയേഷന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ വ്യക്തമാക്കി.
50 ലക്ഷത്തോളം വരുന്ന പിഎസ് സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെയും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 40 ലക്ഷത്തോളം ആളുകളെയും വിഡ്ഢികളാക്കി സർക്കാർ നടത്തുന്ന താത്കാലിക നിയമനങ്ങൾക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നേതാക്കന്മാരുടെ കുടുംബത്തിലുള്ളവർക്ക് എല്ലാ നിയമങ്ങളും മറികടന്നു നിയമനങ്ങളും എന്നാൽ കാലാവധി തീരാറായ 46285 പേരുടെ റാങ്ക് ലിസ്റ്റിൽ 5000 നിയമനങ്ങൾ പോലുമില്ലാത്ത സാഹചര്യത്തിൽ പോലും ഞങ്ങൾക്ക് വാഗ്ദാനം ചെയ്ത ഒഴിവുകൾ തരാൻ സാധ്യമല്ല എന്ന ചില നേതാക്കന്മാരുടെ വാക്കുകൾക്ക് ഇതല്ലാതെ മറുപടിയില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ വിശദീകരണം.
100 ദിന കർമ്മപരിപാടിയിൽ 50000 നിയമനങ്ങൾ എന്ന് പറയുമ്പോഴും അതിലെ 10 ശതമാനം നിയമനം പോലും റാങ്ക് ലിസ്റ്റുകളിൽ നിന്നും നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിച്ചു കൊണ്ട് 7000ത്തോളം താത്കാലിക നിയമനങ്ങൾ നടത്തി എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നും ഇവർ പറയുന്നു. വോട്ടു ചോദിക്കാൻ വരുന്ന ഇടതു സ്ഥാനാർത്ഥികളെ തങ്ങളുടെ ദുരിതം വിശദീകരിച്ച് തിരിച്ചയക്കുന്ന അനുഭവങ്ങളും പേജിലുണ്ട്.