തിരുവനന്തപുരം: സമാനയോഗ്യതയുള്ള തസ്തികകള്‍ക്ക് പൊതുപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പത്താം ക്ലാസ് യോഗ്യതയുള്ള പരീക്ഷയുടെ സിലബസ് പിഎസ്‌സി പുറത്തുവിട്ടു. പ്രാഥമിക പരീക്ഷയുടെ സിലബസില്‍ ഇംഗ്ലീഷ്-മലയാളം എന്നിവ ഇല്ല. ഡിസംബറില്‍ തന്നെ എല്‍ഡിസി അടക്കമുള്ള തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തിയേക്കുമെന്നാണ് സൂചന.
പൊതുവിജ്ഞാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന ശാസ്ത്രം, കേരളം, ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍, ഭരണഘടന, പൗരധര്‍മ്മം, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍, സമകാലിക വിവരങ്ങള്‍, മാനസികശേഷി പരിശോധന തുടങ്ങിയ ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മൂലം നിര്‍ത്തിവെച്ച എല്‍ഡി ക്ലാര്‍ക്ക്, എല്‍ജിഎസ്, പൊലീസ് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഇനി പുതിയ രീതിയിലായിരിക്കും നടത്തുക. എല്‍ഡി ക്ലര്‍ക്ക് അടക്കമുള്ള പത്താംക്ലാസ് യോഗ്യതയുള്ള പരീക്ഷകള്‍ ഡിസംബറില്‍ നടത്തിയേക്കുമെന്നാണ് സൂചന. രണ്ടാംഘട്ട പരീക്ഷ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.