പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് മുഖ്യമന്ത്രിയുടെ കീഴിലുളള പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംഭവത്തിനു പിന്നില്‍ പിഎസ്‌സി അംഗങ്ങളുടെ ഒത്താശയുമുണ്ട്. ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്റെ പങ്കും അന്വേഷിക്കണം. മൊബൈല്‍ ഫോണ്‍ പരീക്ഷാഹാളില്‍ കയറ്റാന്‍ അനുവദിച്ച ഇന്‍വിജിലേറ്റര്‍ക്കെതിരെയും അന്വേഷണം വേണം. മറ്റ് പരീക്ഷകളിലും ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കണം. സിപിഎം നേതാക്കളും ബന്ധുക്കളും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കടന്നു കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.