തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ വീണ്ടും അട്ടിമറി ആരോപണം. സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തില്‍ ചിലര്‍ക്ക് പി.എസ്.സി. മാര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് പരാതി. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയില്‍ മുന്നിലെത്തിക്കാനാണ് ഇങ്ങനെ ചെയ്തത്. ആസൂത്രണ ബോര്‍ഡിന്റെ പ്ലാന്‍ കോഓര്‍ഡിനേഷന്‍, ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ്, സോഷ്യല്‍ സര്‍വീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചാണ് പരാതി. 89,000-1,20,000 രൂപ ശമ്പള സ്‌കെയിലുള്ള ഉയര്‍ന്ന തസ്തികയാണിത്.
രണ്ടു പേപ്പറുകളായി 200 മാര്‍ക്കിനുള്ള പൊതുപരീക്ഷയാണ് പി.എസ്.സി. നടത്തിയത്. അഭിമുഖം 40 മാര്‍ക്കിനായിരുന്നു. 38 മുതല്‍ 36 വരെ മാര്‍ക്ക് ചിലര്‍ക്ക് അഭിമുഖത്തിനു ലഭിച്ചു. ഇങ്ങനെ 90 മുതല്‍ 95 വരെ ശതമാനം മാര്‍ക്ക് അഭിമുഖത്തിനു നല്‍കുന്ന പതിവ് പി.എസ്.സി.ക്കില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
എഴുത്തുപരീക്ഷ്‌ക്ക് മാര്‍ക്ക് കുറവുള്ളവര്‍ അഭിമുഖത്തിനു ലഭിച്ച ഉയര്‍ന്ന മാര്‍ക്കോടെ റാങ്ക് പട്ടികയില്‍ മുന്നിലെത്തി. എഴുത്തുപരീക്ഷ്‌ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കായ 91.75 ലഭിച്ചയാളിന് അഭിമുഖത്തില്‍ ഏറ്റവും കുറവായ 11 മാര്‍ക്കാണ് നല്‍കിയത്. അഭിമുഖം റദ്ദാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. റാങ്ക് പട്ടികയില്‍ മുന്നിലെത്തി നിയമനം ഉറപ്പിച്ചവര്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥരാണെന്നും പരാതിയുണ്ട്. അഭിമുഖം നടത്തിയവരില്‍ ആസൂത്രണ ബോര്‍ഡ് അധികൃതരുമുണ്ടായിരുന്നു.
പ്രവൃത്തിപരിചയം നോക്കിയാണ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതെന്ന് പി.എസ്.സി ചെയര്‍മാന്‍ കെ.സക്കീര്‍ പറഞ്ഞു. ഇന്റര്‍വ്യൂവില്‍ എത്ര മാര്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച് യാതൊരു പരിധിയുമില്ലെന്നും അത് പി.എസ്.സിയുടെ അധികാരത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.