റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന അന്നേ ദിവസം അര്‍ധരാത്രി 12ന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ജോലി കളഞ്ഞ സംഭവത്തില്‍ ഉദ്യോഗസ്ഥരെ അനുകൂലിച്ച മന്ത്രി എംബി. രാജേഷ് പറഞ്ഞതു ശരിയല്ലെന്നു തെളിഞ്ഞു. തിരുവനന്തപുരം നഗരകാര്യ ഡയറക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ചതിച്ചതുമൂലമാണ് നിഷയ്ക്ക് ഉള്‍പ്പെടെ ജോലി നഷ്ടമായതെന്നു തെളിയിക്കുന്ന രേഖകള്‍ ലഭിച്ചു.
2018 മാര്‍ച്ച് 31 ന് തീര്‍ന്ന എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ എറണാകുളം ജില്ലാ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണന് ജോലി നഷ്ടപ്പെട്ട വിവരം പുറത്തുവന്നതോടെയാണ് പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മന്ത്രി രംഗത്തുവന്നത്. നിഷയ്ക്ക് ലഭിക്കേണ്ട ഒഴിവ് നഗരകാര്യ ഡയറക്ടര്‍ ഓഫിസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് 31ന് അര്‍ധരാത്രി 12 മണിക്കും ഈമെയില്‍ എറണാകുളം പിഎസ്‌സി ഓഫിസില്‍ ലഭിച്ചത് 12.04നും.
നിഷ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തിയതിന്റെ പക തീര്‍ത്തതാണ് നിയമന നിഷേധമെന്ന ആരോപണം തള്ളി മന്ത്രി എം.ബി രാജേഷ് നേരത്തെ രംഗത്തുവന്നിരുന്നു. നിഷ അടക്കമുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോസ് പുറത്തുവന്നതോടെ അന്നു മന്ത്രി കുടുങ്ങി.