X

പി എസ് സി യുടെ പേരിൽ വ്യാജക്കത്ത് ; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു

സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാൻ പി എസ് സിയുടെ വ്യാജ ലെറ്റർ ഹെഡിൽ ഉദ്യോഗാർത്ഥികൾക്ക് കത്ത് ലഭിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവൽക്കരിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവായി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ ബിജി ജോർജ് ആണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കും സംഘത്തിന്റെ പ്രവർത്തനം.

സൈബർ സിറ്റി അസിസ്റ്റൻറ് കമ്മീഷണർ ഡികെ പൃഥ്വിരാജ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരിക്കും. അടൂർ ഡിവൈ എസ് പി ആർ ജയരാജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി ഹരിലാൽ, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്പെക്ടർ പി എൽ വിഷ്ണു എന്നിവരാണ് സംഘാംഗങ്ങൾ.

പരിശോധനയ്ക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പിഎസ് സിയുടെ ലെറ്റർ ഹെഡിൽ ഏതാനും ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. അവർ ഈ കത്തും സർട്ടിഫിക്കറ്റുകളുമായി പി എസ് സിയിൽ എത്തിയപ്പോഴാണ് നിർദ്ദേശം വ്യാജമാണെന്ന് മനസ്സിലായത്. ഇതിനെത്തുടർന്ന് തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

webdesk15: