തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനിരിക്കേ, പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്സി അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പിഎസ്സി അറിയിപ്പില്‍ പറയുന്നു. നാളെ തൊട്ടുള്ള ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് പിഎസ്സിയുടെ അറിയിപ്പ്.
നാളെ മുതല്‍ ഈ മാസം അവസാനം വരെയാകും പുതിയ നിയന്ത്രണങ്ങള്‍. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടം കൂടാന്‍ പാടില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. കടകളില്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.