തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തു കേസിലെയും പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെയും പ്രതികളായ എ.എന്‍.നസീമിനും ശിവരഞ്ജിത്തിനും ജാമ്യം ലഭിച്ചു. കോളജിലെ കുത്തുകേസില്‍ ഇരുവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പരീക്ഷാ തട്ടിപ്പുകേസിലും ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ജയില്‍ മോചിതരായത്. രണ്ടു കേസുകളും അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.നിശ്ചിത സമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് പ്രതികള്‍ക്കു ജാമ്യം ലഭിച്ചതെന്ന് ആരോപണമുണ്ട്.
എന്നാല്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ ഇതു നിഷേധിച്ചു. ഫൊറന്‍സിക്, സൈബര്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണന്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ ആളെ അറസ്റ്റു ചെയ്യാനുണ്ട്. പരീക്ഷാ തട്ടിപ്പു കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല. ജൂലൈ 12നാണ് യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനു കുത്തേറ്റത്. കുത്തുകേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. കോളജിലെ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്.
പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ വാച്ച് ഉപയോഗിച്ച് തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തിനു പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. ശിവരഞ്ജിത്ത് കെഎപി 4 ബറ്റാലിയന്‍(കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനും, പ്രണവ് രണ്ടാം സ്ഥാനക്കാരനുമായിരുന്നു. പിഎസ്സി പിന്നീട് ഇരുവരെയും അയോഗ്യരാക്കിയിരുന്നു.