X

‘ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ല’; പി. എസ്. ശ്രീധരന്‍പിള്ള

കൊച്ചി: ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലെന്നും കേരളത്തിലെ പ്രളയം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

നാവിക സേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് പരമാമവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊപ്പം സംസ്ഥാനത്തെ വിവിധ സേനകളും നാട്ടുകാരുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ആരോപിക്കുന്നില്ല. പക്ഷേ, സി.പി.എമ്മിന്റെ നിലപാടില്‍ മാറ്റം വരുത്തണം. ഇന്നലെ തിരുവനന്തപുരത്തു നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയും ഇന്നു സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത് രക്ഷാ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ രാഷ്ട്രിയം കാണരുത്.

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപി സംസ്ഥാന നേത്യത്വം കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പട്ടാളത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും സംസ്ഥാനത്തെ കെടുതി ദേശീയ ദുരന്തമായി കണക്കാക്കി പരമാവധി സഹായം വേണമെന്നും ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 500 കോടി അടിയന്തര സഹായമാണ്. കൂടുതല്‍ സഹായം പിറകേ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

chandrika: