X

അഭിമാനപൂര്‍വം എസ്.ടി.യു

അഹമ്മദ്കുട്ടി ഉണ്ണികുളം

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം 2023 മാര്‍ച്ച് പത്തിന്, ജന്മ•നാളില്‍, ചെന്നെയില്‍ നടക്കുകയാണ്. എഴുപത്തഞ്ച് വര്‍ഷത്തിന്റെ നിറവില്‍ മുസ്‌ലിംലീഗ് എത്തിച്ചേരുമ്പോള്‍ മതേതരത്വത്തിനുവേണ്ടി സംഘടന അര്‍പ്പിച്ച സേവനങ്ങള്‍ രാജ്യമാകെ സാഭിമാനം ഓര്‍ക്കുകയാണ്. അന്നത്തെ മദിരാശി ബാങ്ക്വറ്റിംഗ് ഹാളില്‍ (ഇന്ന് രാജാജി ഹാള്‍) 1948 മാര്‍ച്ച് 10ന് രാവിലെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പിറവികൊള്ളുന്നതിനുള്ള യോഗം ആരംഭിച്ചത്. എ.കെ. ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണയോഗം അതിശക്തമായ വാദപ്രതിവാദങ്ങള്‍ക്കു വഴിവെച്ചു. മുസ്‌ലിംലീഗ് നിലനിര്‍ത്തണമെന്ന പി.കെ. മൊയ്തീന്‍കുട്ടി സാഹിബിന്റെ പ്രമേയത്തെ 37 പേര്‍ അനുകൂലിക്കുകയും 14 പേര്‍ എതിര്‍ക്കുകയും ചെയ്തു. സഭയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസിഡണ്ടും മഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി. ഇബ്രാഹിം ഖജാഞ്ചിയുമായി കമ്മിറ്റി രൂപീകരിച്ചു. കെ.എം. സീതി സാഹിബ് അടക്കം 15 പേരടങ്ങുന്ന ഭരണഘടനാ സബ് കമ്മിറ്റിയും രൂപീകരിച്ചു.

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സമീപനം അന്നുതൊട്ട് ഇന്നേവരേ പരിശോധിച്ചാല്‍ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, മതേതരത്വം എന്നിവയില്‍ മാത്രം ഊന്നിക്കൊണ്ടുള്ളതായിരുന്നു. ലീഗിന്റെ ഭരണഘടന അതിന്റെ ഉത്തമതെളിവാണ്. ഇന്ത്യന്‍ ഭരണഘടനയെ അക്ഷരത്തിലും അര്‍ത്ഥത്തിലും പാലിച്ചുകൊണ്ടും നമ്മുടെ നീതിന്യായ വ്യവസ്ഥയെയും പാര്‍ലിമെണ്ടറി ജനാധിപത്യത്തെയും അംഗീകരിച്ചുകൊണ്ടുമാണ് ലീഗ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. മുസ്‌ലിംലീഗിന്റെ വിശാലമനഃസ്ഥിതിയുടെയും മതേതര വീക്ഷണത്തിന്റെയും മഹനീയ ഉദാഹരണങ്ങളിലൊന്നാണ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ രൂപീകരണം.

1956 നവംബര്‍ 11,12 തിയ്യതികളില്‍ എറണാകുളത്തു ചേര്‍ന്ന കേരള സ്റ്റേറ്റ് മുസ്‌ലിംലീഗിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയോഗം തൊഴിലാളികള്‍ ജാതി-മത- രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി സംഘടിക്കണമെന്നാണ് പ്രമേയം പാസ്സാക്കിയത്. സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ രൂപീകരിക്കാനുള്ള ലീഗ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ആഹ്വാനം 1956 നവംബര്‍ 21-ന് ചന്ദ്രികയുടെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തയായി നല്‍കുകയും ചെയ്തു. തലക്കെട്ട് (സ്വതന്ത്ര തൊഴിലാളി യൂനിയനെ പ്രാത്സാഹിപ്പിക്കണം : കേരള മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പ്രമേയം) വാര്‍ത്ത ഇങ്ങനെ- ഇന്നലെ ജ: സീതിസാഹിബിന്റെ വസതിയില്‍ ചേര്‍ന്ന കേരള മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി താഴെപറയുന്ന പ്രമേയം അംഗീകരിച്ചിരിക്കുന്നു- കേരള സ്റ്റേറ്റിലെ തൊഴിലാളികള്‍ തങ്ങളുടെ അവശതകളും കഷ്ടതകളും പരിഹരിക്കാനും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുവാങ്ങാനും ജീവിതത്തോത് ഉയര്‍ത്താനും വേണ്ടി സംഘടിതമായും നിയമവിധേയമായും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഈ യോഗം ആനുകൂല്യവും പിന്‍ബലവും വാഗ്ദാനം ചെയ്യുന്നു. അതൊടൊപ്പം രാഷ്ട്രീയ കക്ഷികള്‍ സംഘടിപ്പിച്ചിട്ടുള്ള സംഘടനകള്‍ക്കു പകരം സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഉണ്ടാക്കിയും അവയില്‍ ചേര്‍ന്നും സംഘടിതമായ തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികളോടും അത്തരം സംഘടനകള്‍ രൂപീകരിക്കാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കാന്‍ ലീഗ് കമ്മിറ്റികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. തൊഴിലുടമകളും തൊഴിലാളി സംഘടനകളും തൊഴിലാളികളും കഴിയുന്നതും അനാവശ്യമായ തൊഴില്‍ കുഴപ്പങ്ങള്‍ക്കും തൊഴില്‍ സ്തംഭനങ്ങള്‍ക്കും ഇടവരുത്താതെ അനുരഞ്ജന മനോഭാവത്തോടെ കാര്യങ്ങള്‍ കയ്യാളണമെന്നും ഈ യോഗം അപേക്ഷിക്കുന്നു. ജ: സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ അധ്യക്ഷതവഹിച്ചു. (1956 നവം. 21 ബുധന്‍ – ചന്ദ്രിക)

മുസ്‌ലിം തൊഴിലാളികളെ അണിനിരത്തിക്കൊണ്ട്, സ്വാതന്ത്ര്യത്തിനുമുമ്പ്, 1944 ജനുവരി 21ന് കെ.കെ. അബുസാഹിബിന്റെ നേതൃത്വത്തില്‍ ‘മുസ്‌ലിം ലേബര്‍ യൂനിയന്‍’ എന്നൊരു തൊഴിലാളി സംഘടന, ലീഗിന്റെ മുന്‍കയ്യില്‍, രൂപീകരിച്ചിരുന്നു. 34000 മെമ്പര്‍മാര്‍ അംഗത്വം എടുക്കുകയും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടന ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു സംഘടനയുടെ തുടര്‍ച്ച മലബാറില്‍ ബാക്കി നിന്നിരുന്ന കാലത്താണ് കെ.എം. സീതിസാഹിബും മുസ്‌ലിംലീഗും അതിനെ നിരാകരിച്ച് എസ്.ടി.യു. ഉണ്ടാക്കിയത്. 1951 ഒക്‌ടോബര്‍ 12 ന് കെ.എം. സീതിസാഹിബ് ചന്ദ്രികയില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തുറന്നെഴുതി. ‘തൊഴിലാളി പ്രസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാവരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതാതു പാര്‍ട്ടികളുടെ ഭരണഘടനക്കനുസരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിക്കുമ്പോള്‍ തൊഴിലാളികളാവട്ടെ ഡിമാന്റിന്റെ അടിസ്ഥാനത്തിലാണ് സംഘടിക്കുന്നത്. അവകാശസംരക്ഷണം അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കുമ്പോള്‍ തന്നെ ഉത്തരവാദിത്തബോധവും അവര്‍ക്ക് കൂടിയേ തീരൂ. ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ, രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമല്ലാത്ത, സ്വതന്ത്രതൊഴിലാളി പ്രസ്ഥാനത്തിനു മാത്രമെ നാടിനെ രക്ഷിക്കാനാവൂ; തൊഴിലാളി സമൂഹത്തിന്റെ രക്ഷാകവചമാകാന്‍ കഴിയൂ. മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും സ്വതന്ത്രതൊഴിലാളി പ്രസ്ഥാനം അനിവാര്യമാണ്. എസ്. ടി.യു. വിന്റെ ആറ് നെടുംതുണുകള്‍ സീതിസാഹിബി പരിചയപ്പെടുത്തി. 1. രാഷ്ട്രീയ ചട്ടുകമാവരുത്. 2. അവകാശ പോരാട്ടത്തോടൊപ്പം തന്നെ ഉത്തരവാദിത്തബോധവും വേണം. 3. സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് കഠിനാധ്വാനം ചെയ്യണം. 4. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കണം. 5. മത രാഷ്ട്രീയ – ഭാഷാ ചിന്താഗതികള്‍ക്ക് അതീതമായ മതനിരപേക്ഷതയും മതേതരത്വവും നിലനിര്‍ത്തണം. 6. ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നി നില്‍ക്കുകയും പണിമുടക്ക്, സമരം എന്നിവ അവസാനത്തെ ആയുധമായി മാത്രം അവലംബിക്കുകയും വേണം.

ഇന്ന് 66-ാം വയസ്സിലാണ് എസ്.ടി.യു. എത്തിനില്‍ക്കുന്നത്. 1957 മെയ് 5 ന് കോഴിക്കോട്ടുവെച്ചാണ് ഇ.എസ്.എം. ഹനീഫഹാജി പ്രസിഡണ്ടും കെ.എം. ഹംസജനറല്‍ സെക്രട്ടറിയുമായി കേരളഘടകം രൂപീകരിച്ചത്. ഇന്ന് പ്രസ്ഥാനം ദേശീയ തലത്തിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി, തെലുങ്കാന, പ. ബംഗാള്‍ സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കളുടെ പര്യടനം പൂര്‍ത്തിയായി. മഹാരാഷ്ട്ര, ആന്ധ്ര, ആസാം, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, യു.പി. തുടങ്ങി സംസ്ഥാനങ്ങളിലേക്കു പര്യടനം ലക്ഷ്യമിടുകയാണ്. ബംഗാള്‍ കേന്ദ്രീകരിച്ച് ഉത്തരമേഖലാ യോഗവും കേരളം അടിസ്ഥാനമാക്കി ദക്ഷിണമേഖലാ യോഗവും നടന്നു കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന തൊഴില്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രതൊഴില്‍ വകുപ്പുമന്ത്രി ഭുപേന്ദ്രയാദവിന് നല്‍കിയ നിവേദനം പുതിയൊരു നാഴികകല്ലായി. അംങ്കണ്‍വാടി, ആശ, പാലിയേറ്റീവ് തുടങ്ങി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐ.എല്‍.സി. യോഗം ഉടന്‍ വിളിച്ചുകൂട്ടുക, ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, അസംഘടിതമേഖലയില്‍ സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്വകാര്യ വര്‍ക്കരണം ഉപേക്ഷിക്കുക, 2021-ലെ പ്രതിരോധ സേവന നിയമം റദ്ദാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ നിവേദനത്തില്‍ അടിവരയിട്ടിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യാണ് നിവേദനം കേന്ദ്ര മന്ത്രിക്കു കൈമാറിയത്.

എസ്.ടി.യു. വിന് ദേശീയ കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പരിശ്രമം നടന്നിട്ടുണ്ട്. 1961 ഡിസംബര്‍ 31ന് അഡ്വ. കെ. ഹസ്സന്‍ ഗനി പ്രസിഡണ്ടും അഡ്വ. ജാഫര്‍ഖാന്‍ ജനറല്‍ സെക്രട്ടറിയുമായി ‘ഇന്ത്യന്‍ സ്വതന്ത്ര ട്രേഡ് യൂണിയന്‍’ രൂപം കൊണ്ടപ്പോള്‍ മദ്രാസ്, മൈസൂര്‍, ആന്ധ്ര സംസ്ഥാനങ്ങളില്‍ അത് ചലനമുണ്ടാക്കി. നീലഗിരി താലൂക്ക് കേന്ദ്രീകരിച്ച് ദേവര്‍ഷോല, മെയ് ഫീല്‍ഡ്, റോക്ക് വുഡ്, ബിതര്‍ക്കാട്, ഹെഡ്ഡ•ല, പന്തല്ലൂര്‍, അത്തിക്കുന്ന്, മാംഗോ റേഞ്ച്, ചേരമ്പാടി തോട്ടങ്ങളിലായി പതിനായിരത്തോളം തോട്ടം തൊഴിലാളികളെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാന്‍ എസ്.ടി.യു.വിന് സാധിക്കുകയും ഗൂഢല്ലൂരില്‍ കേന്ദ്രഓഫീസ് ആരംഭിച്ച് കെ.എ. സലാമിനെയും എം.ടി.മുഹമ്മദലിയെയും ഫുള്‍ടൈം ഓഫീസ് സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു. സി.ഐ. അല്ലാപിച്ചൈ ഗൂഡല്ലൂര്‍ ഓഫീസ് നിയന്ത്രിച്ചപ്പോള്‍ സി. കുഞ്ഞിപ്പക്കി മൈസൂരിലും പി.കെ. ഉമ്മര്‍ഖാന്‍ മുഗലാപുരത്തും ആധിപത്യമുണ്ടാക്കി. അഞ്ചാറുകൊല്ലം കൊണ്ട് അതങ്ങനെ അവസാനിച്ചു. 1980 ഒക്‌ടോബര്‍ 12ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഐ.യു.എം.എല്‍. പ്രവവര്‍ത്തക സമിതിയോഗം എസ്.ടി.യു. ദേശീയതലത്തില്‍ രൂപീകരിക്കാന്‍ യു.എ. ബീരാനെ കണ്‍വീനറായി തെരഞ്ഞെടുത്തു. അദ്ദേഹം മുന്‍കയ്യെടുത്ത് 1980 ഡിസംബര്‍ 27ന് കോഴിക്കോട് കല്‍പകയില്‍വെച്ച് എ.ഐ.എസ്.ടി.യു.സി. എന്ന പേരില്‍ നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു. എസ്.ടി.യു. ദേശീയ കമ്മിറ്റി ഭരണഘടന, 1981 ജൂണ്‍ ഏഴിലെ ബാംഗ്ലൂര്‍ ഹര്‍ഷ ഹോട്ടലിലെ ദേശീയ സമ്മേളനം, 1983-ലെ മദ്രാസ് നാഷണല്‍ എക്‌സിക്യൂട്ടീവ്, 1984-ല്‍ ഗൂഡല്ലൂര്‍ ദേശീയ കേമ്പ്, 1985 ലെ പ.ബംഗാള്‍, കര്‍ണ്ണാടക, തമിഴ് നാട് പര്യടനങ്ങള്‍, 1987-ല്‍ തൃശ്ശിനാപള്ളിയില്‍ നടന്ന ബീഡി തൊഴിലാളി സമ്മേളനം, പി.എ. സാംഗ്മ ഡല്‍ഹിയില്‍ വിളിച്ച യോഗത്തിലെ സാന്നിധ്യം – അങ്ങനെ എട്ടുവര്‍ഷത്തോളം എ.ഐ.എസ്.ടി.യു. സി. സജീവമായിരുന്നു. 1961-ലെ ഇന്ത്യന്‍ സ്വതന്ത്ര ട്രേഡ് യൂനിയന്‍ അഡ്വ. ഹസന്‍ഗനിയുടെ രാഷ്ട്രീയ മാറ്റത്തോടെ നിലച്ചെങ്കില്‍ യു.എ. ബീരാന്‍, അഡ്വ. എം.എ. ലതീഫ് എന്നിവരുടെ രാഷ്ട്രീയ മാറ്റത്തോടെ 1980-ലെ സംരംഭവും അവസാനിച്ചു എന്നുപറയാം. 2016-ല്‍ കോയമ്പത്തൂരില്‍ വെച്ച് എസ്.ടി.യു. വിനു പുതിയ ദേശീയ കമ്മിറ്റി നിലവില്‍ വന്നു. സയ്യിദ് അംജദ്അലി പ്രസിഡണ്ടും അഡ്വ. എം. റഹ്മതുല്ല ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2020 ഫെബ്രുവരി 20ന് ബംഗളൂരുവില്‍ വെച്ച് അഡ്വ. എം. റഹ്മതുല്ലയെ പ്രസിഡണ്ടും ജാഫറുള്ള മുല്ലയെ ജനറല്‍ സെക്രട്ടറിയുമാക്കി. 2022 സെപ്തംബര്‍ മൂന്നിന് ചെന്നൈയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ദേശീയ സമിതിയോഗം എസ്.ടി.യു. പ്രസിഡണ്ടായി ഈ ലേഖകനെ ഐ.യു.എം.എല്‍. പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപിക്കുകയും ഒക്‌ടോബര്‍ രണ്ടിന് എസ്.ടി.യു. സെക്രട്ടറിയേറ്റും പ്രവര്‍ത്തക സമിതിയും ഐകകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. ഒഴിവു വന്ന ഭാരവാഹി സ്ഥാനങ്ങളിലേക്കു എം.എം. ഹമീദ്, ഉമ്മര്‍ ഒട്ടുമ്മല്‍, വി.എ.കെ. തങ്ങള്‍ എന്നിവരെ നിയോഗിക്കുകയും ചെയ്തു.പുതിയ സാഹചര്യത്തില്‍ ചെന്നൈയില്‍ മാര്‍ച്ച് ഒമ്പത്, പത്ത് തിയ്യതികളില്‍ നടക്കുന്ന ഐ.യു.എം.എല്‍. ദേശീയ പ്ലാറ്റിനം ജൂബിലി സമ്മേളനം മഹാ സംഭവമാക്കി മാറ്റാന്‍ എല്ലാ തൊഴിലാളി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

(എസ്.ടി.യു. ദേശീയ പ്രസിഡണ്ടാണ്
ലേഖകന്‍)

webdesk11: