X

പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം: കെ സുരേന്ദ്രന്‍

കേരള പദയാത്രയോട് അനുബന്ധിച്ച പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്സി -എസ്ടി വിവാദം ചിലരുടെ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എസ്സി-എസ്ടി നേതാക്കള്‍ക്കൊപ്പം ലഞ്ച് കഴിക്കും എന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു.

എനിക്ക് പട്ടികജാതിക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായതില്‍ അഭിമാനം. ഇനിയും തുടരും. പ്രമുഖരായ എസ്സി-എസ്ടി നേതാക്കള്‍ ഞങ്ങള്‍ക്കൊപ്പം വരുന്നതിലുള്ള വേവലാതിയാണ് ചിലര്‍ക്ക്. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നാണ് സ്ഥിതി.’ കെ സുരേന്ദ്രന്‍ പറഞ്ഞു.

തൃശൂരില്‍ ബിജെപി ജയിച്ചാല്‍ കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പാണ്. കാബിനറ്റ് പദവിക്കുവേണ്ടി ശ്രമിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എസ്സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എസ്സി, എസ് ടി നേതാക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററില്‍ പ്രത്യേകം എഴുതിയത് ജാതിബോധത്തിന്റെ ഭാഗമായ ചിന്തയാണെന്ന നിലയിലാണ് വിമര്‍ശനം.

കേരള പദയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ സ്‌നേഹ സംഗമവും അതിനെ തുടര്‍ന്ന് 1 മണിക്ക് എസ് സി എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണവും എന്നാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിരിക്കുന്ന കാര്യപരിപാടിയില്‍ ഉള്ളത്. ബിജെപി കേരള, ബിജെപി കോഴിക്കോട് എന്നീ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേരള പദയാത്രയുടെ കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റ് പങ്കുവെച്ചിരുന്നത്.

 

 

webdesk13: