X

ഖത്തര്‍ എയര്‍വേയ്‌സിന് അഭിമാന നിമിഷം; പ്രഥമ എ 350-1000 വിമാനം ദോഹയില്‍

 

ദോഹ: ഖത്തറിന്റെ വ്യോമഗതാഗത മേഖലയില്‍ മറ്റൊരു നാഴികക്കല്ല് കൂടി സമ്മാനിച്ച് എയര്‍ബസിന്റെ പ്രഥമ എ 350-1000 വിമാനം ദോഹയില്‍
പറന്നിറങ്ങി. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ പ്രഥമ എയര്‍ബസ് എ 350- 1000 കഴിഞ്ഞദിവസം ഫ്രാന്‍സിലെ ടുളൂസിലെ എയര്‍ബസ് ഡെലിവറി സെന്ററില്‍വെച്ച് ഖത്തര്‍ എയര്‍വേയ്‌സ് സ്വീകരിച്ചിരുന്നു. ഇതോടെ എയര്‍ബസിന്റെ എ350 1000 ശ്രേണിയില്‍ പെട്ട ആദ്യ വിമാനം സ്വന്തമാക്കുന്ന രാജ്യമായി ഖത്തറും വിമാനകമ്പനിയായി ഖത്തര്‍ എയര്‍വേയ്‌സും പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരവെ തന്നെയാണ് ആ രാജ്യങ്ങളുടെ വിമാനകമ്പനികളെയെല്ലാം മറികടന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായി. കോര്‍ണിഷിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുമുകളിലൂടെ കറങ്ങി ആകാശവിസ്മയക്കാഴ്ചകള്‍ സമ്മാനിച്ചാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് വിമാനം പറന്നിറങ്ങിയത്. ആവേശകരമായ സ്വീകരണമാണ് വിമാനത്തിനായി ഒരുക്കിയിരുന്നത്. ജലപീരങ്കിയുടെ അകമ്പടിയോടെയായിരുന്നു വിമാനത്തെ സ്വീകരിച്ചത്. വിമാനത്തില്‍ യാത്രക്കാരായി ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, എയര്‍ബസ് വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്യൂഫ്രനോയ്‌സ്, റോള്‍സ് റോയ്‌സ് മിഡിലീസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കെല്ലി തുടങ്ങി നിരവധി ഉന്നത വ്യക്തിത്വങ്ങളുണ്ടായിരുന്നു. മറ്റു വിമാനങ്ങളേക്കാള്‍ 25 ശതമാനം അധികം ഇന്ധനക്ഷമത, തുടര്‍ച്ചയായി 20 മണിക്കൂറും 8000 നോട്ടിക്കല്‍ മൈലും പറക്കാനുള്ള ശേഷി, റോള്‍സ് റോയ്‌സ് ട്രെന്‍ഡ് എക്‌സ് ഡബ്ല്യൂ ബി തരത്തില്‍ പെട്ട ശക്തിയേറിയ ഇരട്ട എഞ്ചിന്‍, ആറ് വീലുകളുള്ള ലാന്‍ഡിംഗ് ഗിയര്‍, സീറ്റുകളുടെ വിശാലത, ഇക്കണോമി, ബിസിനസ് ക്ലാസുകള്‍ക്കിടയിലെ പ്രീമിയം ഇക്കണോമി വിഭാഗം സീറ്റുകള്‍, വൈഫൈ കണക്ടിവിറ്റി തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ വിമാനത്തിനുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. 42 എയര്‍ബസ് എ3501000 വിമാനങ്ങളിലെ ആദ്യ വിമാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും കുറഞ്ഞ വയസ്സ് മാത്രമുള്ള തങ്ങളെ സംബന്ധിച്ചിടത്തോളം ഇതു മഹത്തായ നേട്ടമാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ദോഹ ലണ്ടന്‍ സെക്ടറിലാണ് സര്‍വീസിനായി ആദ്യമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് എയര്‍ബസില്‍ നിന്നും 37 എ3501000 വിമാനം മിഡിലീസ്റ്റിലെ ഏറ്റവും വലിയ യാത്രാവിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തത്. രണ്ട് എഞ്ചിനുകള്‍ ഘടിപ്പിച്ച ഏറ്റവും വലിയ പാസഞ്ചര്‍ ജെറ്റാണ് എയര്‍ബസ് എ3501000. 46 ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസുകളാണുള്ളത്.

chandrika: