ന്യൂഡല്‍ഹി: തീരപ്രദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാനും, അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തടസം സൃഷ്ടിക്കുന്ന തീരദേശ പരിപാലന നിയമം ഒരു മാസത്തിനകം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര വനം പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷ വര്‍ദ്ധന്‍ ഉറപ്പു നല്‍കി. എം.പിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ മാണി എന്നിവര്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ ഉറപ്പു നല്‍കിയത്. ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
2011 ലെ തീരപരിപാലന നിയന്ത്രണ നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കാനും, അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് നിരവധി തവണ പാര്‍ലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. ഇതിനെത്തുടര്‍ന്ന് പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെ, കഴിഞ്ഞ വര്‍ഷം തീരപ്രദേശങ്ങളില്‍ നിന്നുള്ള എം.പിമാരുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു. ഇതേ തുടര്‍ന്ന് തീര പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി ഇതു സംബന്ധിച്ച പുരോഗതികള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തീരദേശ പരിപാലന നിയമത്തിലെ ഭേദഗതികളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഇതു പുനഃപരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന മറുപടിയാണ് പല തവണയായി ലോക്‌സഭയില്‍ നിന്നും ലഭ്യമായതെന്നും കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി. മാത്രമല്ല ഈ വിഷയത്തില്‍ തീരദേശമൊന്നാകെ ശക്തമായ പ്രക്ഷോഭങ്ങളും, സമരങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ കമ്മിറ്റി പരിശോധിച്ചിട്ടുണ്ടെന്നും, ഒരു മാസത്തിനകം നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ അറിയിച്ചു