X

ജലീലിന് കുരുക്ക്; രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയില്ല

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സലിലൂടെ മതഗ്രന്ഥമാണ് എത്തിയതെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു.
രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് നല്‍കിയ മറുപടി.

തപാലിലൂടെയും ഇമെയിലിലൂടെയും വിശദീകരണം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്‌സല്‍ വിട്ടുനല്‍കൂ. പാഴ്‌സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും. എന്‍ഐഎയ്ക്ക് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി. ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടതു പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Test User: