യു.പിയിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.
നിങ്ങള്‍ക്കിനി എത്ര പേരുടെ രക്തം വേണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ആര്‍ക്കാണ് ഇനി ഈ നിറമില്ലാത്ത ഭൂമിയെ പുഷ്പിക്കാന്‍ കഴിയുകയെന്നും എത്ര നെടുവീര്‍പ്പകളുണ്ടായാലാണ് നിങ്ങളുടെ ഹൃദയത്തെ തണുപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശ് പൊലീസിന്റെ വെടിവെപ്പിനെ ശക്തമായി അപലപിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്ന് പേരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണ് യു.പി. മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഗുരുതരമായ സംഭവമാണ് സംഭാലില്‍ ഉണ്ടായതെന്നും യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മനപ്പൂര്‍വം ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു സര്‍വേക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍വേ നടന്ന ഒരു പള്ളിയില്‍ എന്തിനാണ് വീണ്ടും സര്‍വെ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഭാലില്‍ നടന്ന സംഭവങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടെത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നഈം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.
എന്നാല്‍ ഇന്ന് രാവിലെ യാതൊരു മുന്നൊരുക്കവുമില്ലാതെ സര്‍വേ സംഘം പൊലീസിനെയും കൂട്ടി സ്ഥലത്തേക്ക് എത്തുകയാണുണ്ടായത്. ഈ സമയത്താണ് പ്രദേശവാസികള്‍ സര്‍വെ സംഘത്തെ തടഞ്ഞതും പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതും.