X
    Categories: indiaNews

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ഒമ്പതു വരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത പാഠ്യ വിഷയമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. അസമിലെ പരമോന്നത സാഹിത്യ വേദിയായ അസം സാഹിത്യ സഭ അടക്കം കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തെത്തി. ഹിന്ദി നിര്‍ബന്ധിത പാഠ്യ വിഷയമാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം. പകരം അസമീസ് അടക്കമുള്ള തദ്ദേശീയ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി വേണമെന്നും അസം സാഹിത്യ സഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റി സിറ്റിങിലാണ് അമിത് ഷാ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

രാജ്യത്തെ എട്ടു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധിത പാഠ്യ വിഷയമാക്കി മാറ്റുന്നതിന് നടപടി തുടങ്ങിയെന്നും ഇതിന്റെ ഭാഗമായി 22,00 ഹിന്ദി അധ്യാപകരെ നിയമിച്ചെന്നുമായിരുന്നു പ്രസ്താവന. കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഹിന്ദി രാജ്യത്തിന്റെ ഔദ്യോഗിക ഭരണഭാഷയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി തുടങ്ങിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടി അടിച്ചേല്‍പ്പിക്കലാണെന്നും ഇത് അംഗീകരിക്കില്ലെന്നും നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയാണിത്. കോണ്‍ഗ്രസും കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം സംസ്ഥാന വിഷയമാണെന്നും കേന്ദ്രം ഇതില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ആരോപിച്ചു.

കേന്ദ്ര നീക്കം ഭരണഘടനയുടെ ആറാം പട്ടികയുടെ ലംഘനമാണെന്നും സംസ്ഥാനത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മേഘാലയ കോണ്‍ഗ്രസ് നേതാവ് ആംപരീന്‍ ലിങ്‌ദോയും അഭിപ്രായപ്പെട്ടു. പ്രദേശിക കക്ഷികളായ രജിദോര്‍ ഡാല്‍, അസം ജാതിയ പരിഷത്ത് എന്നിവയും കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ഭാഷകള്‍ക്ക് പകരമല്ല, ഇംഗ്ലീഷിനു പകരമാണ് ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ തമ്മില്‍ സംവദിക്കുമ്പോള്‍ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്നും ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലാണ് വിദ്യാര്‍ഥികളുടെ ഭാവി എന്നിരിക്കെ, കേന്ദ്രത്തിന്റേത് പിന്തിരിപ്പന്‍ നയമാണെന്ന് ആംപരീന്‍ ലിങ്‌ദോ കുറ്റപ്പെടുത്തി. ഹിന്ദി ഭരണ ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നേരത്തെ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.

Test User: