X

പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് കര്‍ഷകര്‍; അമിത് ഷായും രാജ്‌നാഥും മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: തങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവി കൊടുത്തില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനകള്‍. മുന്നറിയിപ്പിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തുകയാണ്.

അടിയന്തര യോഗത്തില്‍ കൃഷി മന്ത്രി നരേന്ദ്രിസിങ് തോമറും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് കര്‍ഷകരുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് മുമ്പോടിയാണ് കൂടിക്കാഴ്ച. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തുള്ള കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന അഞ്ചാം വട്ട ചര്‍ച്ചയാണ് ശനിയാഴ്ചയിലേത്.

ഡിസംബര്‍ എട്ടിന് പ്രഖ്യാപിച്ച ഭാരത് ബന്ദുമായി മുമ്പോട്ടു പോകാനാണ് കര്‍ഷകരുടെ തീരുമാനം. ആ ദിവസം രാജ്യത്തെ എല്ലാ ദേശീയ പാതകളിലുമുള്ള ടോള്‍ പ്ലാസകള്‍ കര്‍ഷകര്‍ കൈയടക്കും.

അതിനിടെ, കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്തുവന്നു. ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ കര്‍ഷകര്‍ പോരാടാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അവര്‍ക്കായി സൗജന്യമായി ഹാജരാകാന്‍ താന്‍ ഒരുക്കമാണ് എന്നാണ് ദവെ പ്രഖ്യാപിച്ചത്. താന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ ദവെ വ്യക്തമാക്കി.

Test User: