X

ഇന്ത്യ സന്ദര്‍ശനം; നെതന്യാഹുവിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന വംശീയ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ഇസ്രാഈല്‍ പതാക കത്തിക്കുകയും ചെയ്തു. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഇസ്രഈല്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തി.

‘നോ റ്റു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധ പരിപാടി. ഇസ്രാഈലുമായി രാഷ്ട്രീയവും ആശയപരവുമായ സൗഹൃദം തുടരുന്ന മോദി സര്‍ക്കാരിന്റെ നടപടി ഫലസ്തീന്‍ വിരുദ്ധ നിലപാടിന്റെ തെളിവാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ചുപോരുന്ന ഫലസ്തീന്‍ നയത്തിനെതിരാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മുസ്‌ലിം വിരുദ്ധതയും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. മോദി-ട്രംപ്-നെതന്യാഹു അച്ചുതണ്ട് ലോകത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാജ്യമാണ് ഇസ്രാഈല്‍, ഇസ്രായേലി ഭീകരവാദം അവസാനിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക, ചെറിയ ശവപ്പെട്ടികളാണ് എടുത്തുയര്‍ത്താന്‍ ബുദ്ധിമുട്ട്, ഫലസ്തീനി കുഞ്ഞുങ്ങളുടെ വംശഹത്യയ്ക്കെതിരെ നിലകൊള്ളുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഇന്ത്യ ഗേറ്റിന് സമീപം സി.പി.ഐയും പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രാഈല്‍ ഭരണകൂടം മുന്നോട്ട് വെച്ച നയങ്ങള്‍ ഇന്ത്യ അംഗീകരിക്കരുതെന്ന് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു. പലസ്തീന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പരിഹാരം കാണാതെ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കില്ല. ചരിത്രപമായ വസ്തുതകള്‍ അംഗീകരിച്ച് വേണം പലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. ഇക്കാര്യം ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രിയെ അറിയിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.

chandrika: