ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കാർ നശിപ്പിക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത് കാവടിയാത്രികർ. യാത്രക്കിടെ കാവടിയിൽ കാർ ഇടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ കാർ ഒരു കാവടിക്കും കേടുപാടുകൾ വരുത്തിയിട്ടില്ലെന്നും പ്രകോപനമില്ലാതെയാണ് കാവടിയാത്രികർ അക്രമത്തിൽ ഏർപ്പെട്ടതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പത്തോളം അജ്ഞാതരായ കാവടിയാത്രികർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
അക്രമാസക്തമായ ദൃശ്യങ്ങൾ സമീപത്തെ റസ്റ്റോറന്‍റിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. പത്തോ പതിനഞ്ചോ പേരുള്ള ഒരു സംഘം കാവടിയാത്രികർ ഏതാനും പൊലീസുകാരുടെ സാന്നിധ്യത്തിൽ പോലും കാർ നശിപ്പിക്കുന്നതും അതിന്‍റെ ഉടമയെ മർദ്ദിക്കുന്നതും കാണാം. ആക്രമണത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ കാർ ഡ്രൈവറായ അക്വിബ് റസ്റ്റോറന്‍റിനുള്ളിലേക്ക് ഓടികയറി.
കേടുപാടുകൾ സംഭവിച്ച കാവടിയെ കുറിച്ച് ചോദിച്ചപ്പോൾ അവർ ഉത്തരങ്ങളൊന്നും നൽകിയില്ലെന്ന് കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സബ് ഇൻസ്പെക്ടർ അശുതോഷ് കുമാർ സിങ് കുറിച്ചു. പരിശോധനയിലും കേടുപാടുകൾ സംഭവിച്ചതായി പൊലീസിന് കണ്ടെത്താനായില്ല. മനപ്പൂർവം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ കാരണമില്ലാതെ ആക്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. ഇതേതുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണം നിരവധി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും പൊലീസ് അറിച്ചു.
പൊലീസിന്‍റെ ഇടപെടലുണ്ടായതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചില്ലെന്ന് സംഭവം നടന്ന റെസ്റ്റോറന്‍റ് ഉടമ പ്രദീപ് കുമാർ പറഞ്ഞു. തന്‍റെ റെസ്റ്റോറന്‍റിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഒരു കാവടി യാത്രികന് റോഡിലുണ്ടായിരുന്ന മറ്റൊരു യാത്രികന്‍റെ ഫോൺ കോൾ വന്നെന്നും വാഹനം തടഞ്ഞതിന്‍റെ വിവരങ്ങൾ അറിയിച്ചതായും പ്രദീപ് കുമാർ വ്യക്തമാക്കി.