ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിച്ച് തോറ്റ സ്ഥാനാര്‍ഥിയും ബംഗാളിലെ ബി.ജെ.പി നേതാവായ അഭിജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാലാണ് അഭിജിത് ദാസിനെ പുറത്താക്കിയതെന്നാണ് വിശദീകരണം. അഭിജിത് ദാസിന്റെ പാര്‍ട്ടി അംഗത്വവും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അംതലയിലെത്തിയപാര്‍ട്ടിയുടെ കേന്ദ്ര വസ്തുതാന്വേഷണ സംഘത്തിനെതിരെ ഒരുവിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള നാലംഗ ബിജെപി കേന്ദ്രസംഘമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങള്‍ വിലയിരുത്താന്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചത്. അക്രമങ്ങളെത്തുടര്‍ന്ന് തങ്ങളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കള്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, യു.പി മുന്‍ പൊലീസ് ഡയറക്ടര്‍ ജനറലും നിലവിലെ രാജ്യസഭാംഗവുമായ ബ്രിജ്‌ലാല്‍, കബിത പാട്ടിദാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പ്രതിഷേധം നടന്നത്. ഇതിന് പിന്നില്‍ അഭിജിത് ദാസാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ചൊവ്വാഴ്ച നടന്ന പാര്‍ട്ടി യോഗത്തിലും ദാസ് പങ്കെടുത്തിരുന്നില്ല.
ഇതിന് പുറമെ ജില്ലയിലെ പാര്‍ട്ടിയില്‍ ചേരിതിരിവ് സൃഷ്ടിച്ചതും ഇദ്ദേഹമാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. തുടര്‍ന്നാണ് അഭിജിത് ദാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും പാര്‍ട്ടിയുടെ അച്ചടക്കവും മര്യാദയും പാലിക്കാത്തതിനാണ് സസ്പെന്‍ഡ് ചെയ്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കാരണം കാണിക്കല്‍നോട്ടീസിന് ഏഴ്ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ അഭിജിത് ദാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.