സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്ന് മാത്രം 15 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ ഇന്ന് മാത്രം സസ്പെന്‍ഡ് ചെയ്തത് 15 എംപിമാരെ. കേരളത്തില്‍ നിന്നുള്ള 6 എം.പിമാരെയടക്കമാണ് സസ്പെന്‍ഡ് ചെയ്തത്. രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ബെന്നി ബെഹ്നാന്‍, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ.സുബ്രഹ്മണ്യം, എം.ആര്‍ പാര്‍ഥിബന്‍, എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍.
പ്രധാനമന്ത്രി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്തസ്സിന് ചേരാത്ത വിധം പ്രവര്‍ത്തിച്ചു എന്നതാണ് അംഗങ്ങള്‍ക്കെതിരായ കുറ്റം. സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാണ് സസ്പെന്‍ഷന്‍.
എംപിമാരുടെ പ്രതിഷേധം അതിരുവിടുന്നു എന്നതായിരുന്നു സ്പീക്കറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആരോപണം. ഈ നിലപാടാണിപ്പോള്‍ എംപിമാരുടെ സസ്പെന്‍ഷനിലേക്ക് നയിച്ചിരിക്കുന്നത്. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ അഞ്ച് എംപിമാരെയും പിന്നാലെ ഒമ്പത് പേരെയും സസ്പെന്‍ഡ് ചെയ്തത്.
സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഇരു സഭകളിലും ഉണ്ടായത്. പുറത്താക്കപ്പെട്ട എംമാരില്‍ 14 പേരും ലോക്സഭാ എംപിമാരാണ്. രാജ്യസഭയിലും സമാന രീതിയില്‍ പ്രതിഷേധമുണ്ടായെങ്കിലും ഡെറിക് ഒബ്രെയ്നെതിരെ മാത്രമാണ് നടപടിയുണ്ടായത്. പുറത്താക്കിയെങ്കിലും എം.പി പുറത്തു പോകാതിരുന്നതിനെ തുടര്‍ന്ന് സഭ 2 തവണ നിര്‍ത്തിവച്ചു.
അതേസമയം, പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.പ്രതികള്‍ പരിചയപ്പെട്ടത് ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയാണെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.
ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതികള്‍ പാര്‍ലമെന്റില്‍ കടന്നു കയറാനുള്ള പദ്ധതികള്‍ ജനുവരി മാസം മുതലാണ് ആരംഭിച്ചത്. .കാര്‍ഷിക നിയമങ്ങള്‍, മണിപ്പൂര്‍ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനോടുള്ള കടുത്ത എതിര്‍പ്പാണെന്ന് പ്രതിഷേധത്തിന് കാരണം എന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ബി.ജെ.പി എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് പ്രതികള്‍ക്കു പാസുകള്‍ ലഭിച്ചത്.പ്രതിയായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തി സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിച്ചിരുന്നു.
ഡിസംബര്‍ ആറിനും 10നും ഇടയ്ക്ക് വ്യത്യസ്ത ട്രെയിനുകളിലാണ് പ്രതികള്‍ ഡല്‍ഹിയില്‍ എത്തിയത്. വിശാല്‍ ശര്‍മയാണ് മറ്റ് പ്രതികള്‍ക്ക് ഗുരുഗ്രാമില്‍ താമസ സൗകര്യം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ അമോല്‍ ഷിന്‍ഡെയാണെന്ന് സ്‌മോക്ക് സ്പ്രേ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .സംഘത്തിലെ സൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സന്ദര്‍ശകരെ തല്‍ക്കാലം പ്രവേശിപ്പിക്കേണ്ടൈന്നാണ് സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.